കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഡയറക്ട് ഒടിടി റിലീസായി പുറത്തെത്തിയ ചിത്രമാണ് ദൃശ്യം 2. മികച്ച പ്രതികരണമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിന്‍റെ കഥാപാത്രവും ഏറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഐജി തോമസ് ബാസ്റ്റിനെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നടന്‍ സമ്പത്താണ് . വെങ്കിടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ. മീന, നദിയ മൊയ്തു, എസ്തർ അനിൽ, കൃതിക ജയകുമാർ, നരേഷ്, കാശി വിശ്വനാഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം മീന ദൃശ്യം 2 റീമേക്കിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു. 2014ല്‍ പുറത്തെത്തിയ 'ദൃശ്യം' തെലുങ്ക് റീമേക്കില്‍ വെങ്കടേഷ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്‍റെ പേര് റാംബാബു എന്നായിരുന്നു. റാംബാബുവിന്‍റെ ഭാര്യ 'ജ്യോതി' ആയിരുന്നു മീനയുടെ കഥാപാത്രം. 

On the sets of D2 Telugu...

Posted by Jeethu Joseph on Tuesday, 16 March 2021

മുതിര്‍ന്ന നടി ശ്രീപ്രിയയാണ് ദൃശ്യം തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തതെങ്കില്‍ ദൃശ്യം 2 റീമേക്ക് ഒരുക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഈ മാസം തുടക്കത്തില്‍ ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. ഒന്നാം തീയ്യതി ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ വച്ചായിരുന്നു ചിത്രത്തിന്‍റെ പൂജ. മലയാളം ഒറിജിനലില്‍ അഭിനയിച്ച എസ്തറും റീമേക്കില്‍ ഉണ്ട്. നായകന്‍റെ ഇളയ മകളുടെ കഥാപാത്രം തന്നെയാണ് എസ്‍തറിന്. ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.