ഇറങ്ങിയ സമയത്ത് മികച്ച വിജയം നേടിയ ചിത്രം
റീ റിലീസ് ട്രെന്‍ഡില്‍ മറ്റൊരു മലയാള ചിത്രം കൂടി ദൃശ്യ, ശ്രാവ്യ മികവോടെ തിയറ്ററുകളിലേക്ക്. മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ സാമ്രാജ്യമാണ് പുതുതലമുറ പ്രേക്ഷകരിലേക്ക് വീണ്ടും എത്താന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ റീ റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളില്‍ ഹോര്‍ഡിംഗുകളും മറ്റും നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച ചിത്രം റിലീസ് സമയത്ത് വലിയ വിജയം നേടിയ ഒന്നാണ്. വിജയം എന്നതിനൊപ്പം ഏറെ സ്റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രവുമായിരുന്നു സാമ്രാജ്യം. ചിത്രത്തിലെ സ്റ്റൈലിംഗ് സമീപകാലത്തും സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയാവാറുണ്ട്. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യത്തെ മലയാളത്തിനു് പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല.
അലക്സാണ്ടര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജയനൻ വിൻസെന്‍റ് ആണ് ഛായാഗ്രാഹകൻ. പ്രശസ്ത ഗാനരചയിതാവായ ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഹരിഹര പുത്രൻ. മമ്മൂട്ടിക്ക് പുറമേ മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ കെ നായർ, മ്പത്താർ, സാദിഖ്, ഭീമൻ രഘു, ജഗന്നാഥ വർമ്മ, പ്രതാപ ചന്ദ്രൻ, സി ഐ പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. 4 കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവിലാണ് റീ റിലീസ് പതിപ്പ് എത്തുക. പിആര്‍ഒ വാഴൂർ ജോസ്.

