ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

തെന്നിന്ത്യന്‍ ബിഗ് റിലീസുകള്‍ വലിയ സാമ്പത്തിക വിജയങ്ങള്‍ നേടുമ്പോള്‍ ബോളിവുഡ് ചിത്രങ്ങള്‍ നിരനിരയായി പരാജയപ്പെടുന്നതായിരുന്നു സമീപകാലത്തെ കാഴ്ച. എന്നാല്‍ ഇപ്പോള്‍ അതിന് വ്യത്യാസം ഉണ്ടാവുന്നുണ്ട്. കാര്‍ത്തിക് ആര്യന്‍ നായകനായ ഭൂല്‍ ഭുലയ്യ 2ന്‍റെ കളക്ഷന്‍ 150 കോടിയോട് അടുത്തിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് ഒരു വലിയ വിജയം പ്രതീക്ഷിച്ചിരിക്കുന്ന മറ്റൊരു ചിത്രവും ആദ്യദിനം മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ജീവിതം ആസ്പദമാക്കുന്ന അക്ഷയ് കുമാര്‍ (Akshay Kumar) ചിത്രം സാമ്രാട്ട് പൃഥ്വിരാജ് (Samrat Prithviraj) ആണ് അത്. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്.

വശീകരിക്കുന്ന ചിത്രം എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വലിയ സ്കെയിലില്‍ സംഘര്‍ഷങ്ങളും ഡ്രാമയും പ്രണയവും മികച്ച യുദ്ധ രംഗങ്ങളും ആത്മാവുമുള്ള ചിത്രം എന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ ചിത്രത്തെ ഒരിക്കലും കുറച്ചു കാണരുതെന്നും തരണ്‍ പറയുന്നുണ്ട്. അഞ്ചില്‍ മൂന്നര റേറ്റിംഗ് ആണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പ്രേക്ഷകരും മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. രാകുല്‍ പ്രീതി സിംഗ്, അജയ് ദേവ്ഗണ്‍, അനുപം ഖേര്‍, സുനില്‍ ഷെട്ടി തുടങ്ങി ബോളിവുഡിലെ പ്രമുഖരൊക്കെ ചിത്രത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു.

Scroll to load tweet…

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തുക. മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Scroll to load tweet…

12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം. 

ALSO READ : തിരിച്ചെത്തുന്ന തീപ്പൊരി കമല്‍ ഹാസന്‍; വിക്രം റിവ്യൂ