‘സുഡാനി ഫ്രം നൈജീരിയ’യിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ നടനാണ് സാമുവൽ അബിയോള റോബിൻസൺ. നൈജീരിയക്കാരനായ കളിക്കാരനും മജീദും തമ്മിലുള്ള സൗഹൃദവും സ്നേഹവും ആത്മബന്ധവുമൊക്കെ ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രം തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയിരുന്നു. പിന്നീട് തന്റെ അഭിനയ ജീവിതത്തിൽ നിന്നും പിൻവാങ്ങുന്നതായും സാമുവൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരം ഫേസ്ബുക്കിലിട്ട ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ചർച്ചയായിരിക്കുന്നത്. നൈജീരിയയില്‍ തുടരാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഇന്ത്യയിലേക്ക് വരാൻ ആ​ഗ്രഹിക്കുന്നതായും സാമുവൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നിരാശ മൂലം ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചുവെന്നും ഇന്ത്യയിലേക്ക് വരാൻ തന്നെ സഹായിക്കണമെന്നും സാമുവൽ ആവശ്യപ്പെടുന്നു.


സാമുവൽ റോബിൻസന്റെ ഫേസ്ബുക്ക് പോസ്റ്റ്

"ഹായ് ​ഗയ്സ്, എനിക്ക് ഇത് ചെയ്യാൻ താൽപ്പര്യമില്ല, പക്ഷേ ഇതല്ലാതെ മറ്റൊരു മാർ​ഗം എന്റെ മുന്നിലില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വർഷമാണിത്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഞാൻ വളരെ വിഷാദത്തിലായിരുന്നു, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. എനിക്ക് നിരവധി സിനിമ ഓഫറുകൾ വന്നിരുന്നു, പക്ഷേ പല കാരണങ്ങളാൽ അവ നടന്നില്ല. ഇന്ത്യയിലേക്ക് മടങ്ങാൻ ഞാൻ പണം സ്വരൂപിക്കാൻ ശ്രമിക്കുകയാണ്. നൈജീരിയയിൽ എനിക്ക് കഷ്ടപ്പാടുകളും പ്രയാസങ്ങളും അല്ലാതെ മറ്റൊന്നുമില്ല. എനിക്ക് അറിയാവുന്നവരോടെല്ലാം ഞാൻ പണം ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അതിനാൽ ഞാൻ ഇത് ചെയ്യാൻ നിർബന്ധിതനാകുന്നു.. എനിക്ക് മരിക്കാൻ ആഗ്രഹമില്ല, ഇത് എന്റെ ഒരേയൊരു മാര്‍ഗമാണ്. ഒരു ലക്ഷം ഇന്ത്യൻ രൂപ ഉണ്ടാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ലാഗോസിൽ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റിന്റെ വിലയും വിസ ഫീസുമാണിത്.  ഇന്ത്യയിൽ എത്തിയതിനുശേഷം എനിക്കൊരു പ്ലാൻ ഉണ്ട്. ഇന്ത്യയിൽ ഞാൻ എല്ലായ്പ്പോഴും വളരെ സന്തുഷ്ടനും സുരക്ഷിതനുമാണ്. ആരെങ്കിലും എന്നെ സഹായിക്കാൻ തയ്യാറാണെങ്കിൽ, എനിക്ക് ഒരു സന്ദേശം അയയ്ക്കുക അല്ലെങ്കിൽ sraactor@gmail.com ൽ എനിക്ക് ഇമെയിൽ ചെയ്യുക. എനിക്ക് നിങ്ങളുടെ സഹായം വളരെ ആവശ്യമാണ്".