അമേരിക്കയില്‍ കഴിയുന്ന തങ്ങളോട് കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷിതരാണോ എന്ന് പലരും അന്വേഷിക്കുന്നുണ്ടെന്ന് നടി സംവൃത സുനില്‍. നിലവിലെ സാഹചര്യം അനുസരിച്ച് സുരക്ഷിതരാണെന്നും കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മക്കള്‍ രുദ്രയ്ക്കും അഗസ്ത്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സംവൃതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

"ഒരു മാസത്തിലേറെയായി ക്വാറന്‍റൈനില്‍ ആണ്. പക്ഷേ കൈയൊഴിഞ്ഞിട്ട് മറ്റൊന്നിനും നേരമില്ലാത്ത സ്ഥിതിയാണ് (കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനെക്കുറിച്ച്). ബുദ്ധിമുട്ടുള്ള ഈ സമയം കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ വലിയ നന്ദിയുണ്ട്", എന്നും സംവൃത പോസ്റ്റില്‍ കുറിച്ചു.
 

വടക്കന്‍ കാലിഫോര്‍ണിയയിലാണ് സംവൃതയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് അഖില്‍ ജയരാജ് അവിടെ എന്‍ജിനീയറാണ്. ഇരുവരുടെയും ഇളയ മകന്‍ രുദ്രയുടെ ആദ്യ വിഷു കൂടിയായിരുന്നു ഇത്തവണ. 2012ലായിരുന്നു സംവൃതയുടെയും അഖിലിന്‍റെയും വിവാഹം.