ഏഴ് വർഷങ്ങൾക്കു ശേഷം സംവൃത സുനില്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.  ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’ എന്ന സിനിമയിലാണ് സംവൃത സുനില്‍ നായികയായി അഭിനയിച്ചത്.  ചിത്രത്തില്‍ ഗീത എന്ന കഥാപാത്രമായാണ് സംവൃത അഭിനയിക്കുന്നത്. 'ഗീത'യുടെ ഒരു സെല്‍ഫി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവൃത സുനില്‍.

ഇത് ഗീതയുടെ ആദ്യ സെല്‍ഫിയാണ്. നീണ്ട ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഏറെ സ്‌നേഹത്തോടെ അഭിനയിച്ച ഒരു കഥാപാത്രം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത്, വീട്ടിലെ നിത്യ ജോലികൾ ചെയ്യുന്നതിനിടയില്‍, എല്ലാം നന്നായി നടക്കട്ടെയെന്നും ഞങ്ങളുടെ ഈ കൊച്ചു സിനിമയ്ക്ക് തിയറ്ററില്‍ ഊഷ്‍മളമായ സ്വീകരണം ലഭിക്കട്ടെയെന്ന്  പ്രാർഥിക്കുകയും ചെയ്യുന്നു- സംവൃത പറയുന്നു.

വിവാഹ ശേഷം കുടുംബസമേതം അമേരിക്കയിലാണ് സംവൃത സുനില്‍. ഭര്‍ത്താവ് അഖില്‍ അമേരിക്കയില്‍ ഐടി ഉദ്യോഗസ്ഥനാണ്. മകൻ അഗസ്റ്റ്യയും അമേരിക്കയിലാണ്. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞയുടനെ സംവൃത സുനില്‍ അമേരിക്കയിലേക്ക് മടങ്ങിയിരുന്നു.