മലയാളികളുടെ പ്രിയനടി സംയുക്ത മേനോൻ, വിജയ് സേതുപതിയോടൊപ്പം പുരി ജഗന്നാഥിന്റെ പുതിയ പാൻ-ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നു.
ഹൈദരാബാദ്: മലയാള സിനിമയുടെ പ്രിയനടി സംയുക്ത വീണ്ടും വാർത്തകളിൽ നിറയുന്നു. പ്രശസ്ത തമിഴ് നടൻ വിജയ് സേതുപതിയോടൊപ്പം, പ്രമുഖ തെലുങ്കു സംവിധായകൻ പുരി ജഗന്നാഥിന്റെ അടുത്ത പാൻ-ഇന്ത്യൻ ചിത്രത്തിൽ സംയുക്ത പ്രധാനവേഷത്തില്‍ എത്തും. ഒരു ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ദക്ഷിണേന്ത്യ ഉറ്റുനോക്കുന്ന പ്രൊജക്ടാണ്.
ഈ ചിത്രത്തിന്റെ താത്കാലിക ടൈറ്റിൽ 'പുരി-സേതുപതി' എന്നാണ്, എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുകയാണ്. സംയുക്തയുടെ കരിയറിലെ ഒരു പ്രധാന ചിത്രമായി ഈ പ്രോജക്ട് മാറുമെന്നാണ് സിനിമാ വൃത്തങ്ങൾ വിലയിരുത്തുന്നത്. ചിത്രത്തിൽ വിജയ് സേതുപതിക്കൊപ്പം ബോളിവുഡ് താരം തബുവും കന്നഡ നടൻ ദുനിയ വിജയ് എന്ന വിജയ് കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന് വിവരമുണ്ട്.
ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ പൂർത്തിയായി, ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സംയുക്ത മേനോൻ, 'തീർപ്പ്', 'വിരുപാക്‌ഷ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിനും തെലുങ്കിലും സജീവമാണ്. പുരി കണക്ട്സിന്റെ ബാനറിൽ ചാർമി കൗർ നിർമ്മിക്കുന്ന വിജയ് സേതുപതി ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ഉണ്ടാകും എന്നാണ് വിവരം.
നേരത്തെ ആക്ഷൻ എന്‍റര്‍ടെയ്നറായ ചിത്രത്തില്‍ രാധിക ആപ്‌തെ ഒരു പ്രധാന വേഷം ചെയ്യുമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാല്‍ താൻ ഈ പ്രോജക്റ്റിൽ ഇല്ലെന്ന് കഴിഞ്ഞ ദിവസം രാധിക തന്നെ സ്ഥിരീകരിച്ചു. ഇത്തരം അഭ്യൂഹ വാര്‍ത്തകള്‍ വായിച്ചപ്പോൾ താൻ അത്ഭുതപ്പെട്ടുവെന്നാണ് തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെ മാധ്യമങ്ങളോട് സംസാരിച്ച രാധിക പറഞ്ഞത്.
ലൈഗര്‍, ഐ 2 സ്മാര്‍ട്ട് പോലുള്ള വമ്പന്‍ ഫ്ലോപ്പുകളില്‍പ്പെട്ട പുരി ജഗന്നാഥിന് പുതിയ ചിത്രം ആശ്വസമാകുമോ എന്നാണ് തെലുങ്ക് സിനിമ ലോകം ഉറ്റുനോക്കുന്നത്. പോക്കിരി പോലുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജഗന്നാഥും നടി ചാർമി കൗറിനൊപ്പമാണ് പടം നിര്‍മ്മിക്കുന്നത്. സേതുപതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് ഏപ്രില്‍ മാസത്തില്‍ സംവിധായകന്‍ സോഷ്യൽ മീഡിയയിൽ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്.
എല്ലാ ഭാഷകളിലേക്കും ഉള്ള ഒരു പാന്‍ ഇന്ത്യന്‍ മാസ്റ്റര്‍ പീസാണ് ഒരുങ്ങുന്നത് എന്നാണ് പോസ്റ്റ് നല്‍കുന്ന സൂചന. ആക്ഷൻ എന്‍റര്‍ടെയ്നര്‍ എന്നതിനപ്പുറം ചിത്രത്തിന്‍റെ പ്ലോട്ട് എന്താണ് എന്നത് സംബന്ധിച്ച് ഇതുവരെ സൂചനകള്‍ ഒന്നും ലഭ്യമല്ല.


