വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍ നായിക. 'എറിദ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടാഗ് ലൈന്‍ 'പ്രണയത്തിലായിരിക്കുന്ന ഒരു ദേവതയുടെ കഥ' എന്നാണ്. നേരത്തെ വി കെ പ്രകാശ് ചിത്രങ്ങളായ ഗുലുമാല്‍, ത്രീ കിംഗ്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള വൈ വി രാജേഷ് ആണ് പുതിയ ചിത്രത്തിന്‍റെയും രചന.

സംയുക്ത മേനോനൊപ്പം കിഷോര്‍, നാസര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ അജി മേടയില്‍, അരോമ ബാബു എന്നിവരാണ് നിര്‍മ്മാണം. വി കെ പ്രകാശിന്‍റെ തന്നെ നിര്‍മ്മാണക്കമ്പനിയായ ട്രെന്‍റ്സ് ആഡ് ഫിലിം മേക്കേഴ്‍സ് ആണ് സഹനിര്‍മ്മാണം. 

എസ് ലോകനാഥന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സുരേഷ് യുആര്‍എസ്. സംഗീതം അഭിജിത്ത് ഷൈലനാഥ്. പിആര്‍ഒ എ എസ് ദിനേശ്. ഡിസൈന്‍ ജയ്റാം പോസ്റ്റര്‍വാല. അതേസമയം നവ്യ നായര്‍ നായികയാവുന്ന ഒരുത്തീ, അനൂപ് മേനോന്‍റെ തിരക്കഥയില്‍ എത്തുന്ന ഒരു നാല്‍പതുകാരന്‍റെ ഇരുപത്തൊന്നുകാരി, ഇ ശ്രീധരന്‍റെ ജീവിതകഥ പറയുന്ന രാമസേതു തുടങ്ങി പല ചിത്രങ്ങളും വി കെ പ്രകാശിന്‍റേതായി പുറത്തുവരാനുണ്ട്.