Asianet News MalayalamAsianet News Malayalam

'അറസ്റ്റ് ഗൂഢാലോചന, തീവ്രവാദിയെ പോലെ കൈകാര്യംചെയ്തു', മഞ്ജുവിന് ഭീഷണിയുണ്ടെന്നാവർത്തിച്ച് സനൽകുമാർ ശശിധരൻ 

'മഞ്ചു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നത് ശരിയാണ്'. മഞ്ജു വാര്യർക്ക് ഭീഷണിയുണ്ടെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായും സനൽ 

 

sanal kumar sasidharan response after bail
Author
Kochi, First Published May 6, 2022, 2:40 PM IST

 

തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ (Manju Warrier)പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസിനെതിരെ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ടും തീവ്രവാദികളെ നേരിടുന്ന പോലെ ബലമായി പൊലീസ് പിടിച്ചു കൊണ്ടുപോയതായും സനൽ കുമാർ ശശിധരൻ ആരോപിച്ചു. പൊലീസ് അറിയിച്ചിരുന്നെങ്കിൽ ഞാൻ സ്റ്റേഷനിൽ ഹാജരാകുമായിരുന്നു. എന്നാൽ തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് പൊലീസെത്തിയത്. മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നത് ശരിയാണെന്നും മഞ്ജു വാര്യർക്ക് ഭീഷണിയുണ്ടെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് നടി മഞ്ജു വാര്യർ സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് ഇന്നലെ തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തു. ഇന്ന് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സനലിന് ജാമ്യം അനുവദിച്ചത്.  

Manju Warrier : മഞ്ജു വാര്യരുടെ പരാതി; സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യർ പരാതിപ്പെടുന്നു. ഭീഷണിപ്പെടുത്തൽ, സോഷ്യൽ മീഡിയ വഴി അപമാനിക്കൽ തുടങ്ങിയ പരാതികളും സനൽകുമാർ ശശിധരനെതിരെയുണ്ട്. ഇതിൽ 354D വകുപ്പിലാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക എന്നിവയാണ് സനൽകുമാർ ശശിധരന് മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.


 

Follow Us:
Download App:
  • android
  • ios