ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ ചിത്രം 'ചോല' വെനീസ് ചലച്ചിത്ര മേളയിലേക്ക്. ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസിലെ 'ഒറിസോണ്ടി' (ചക്രവാളം) മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകസിനിമയിലെ പുതുമുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമാണിത്. ഈ വിഭാഗത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ സിനിമയുമാണ് 'ചോല'.

ഇത് വലിയ അംഗീകാരമാണെന്നും താനുള്‍പ്പെടെ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ഇത് വിനയാന്വിതരും കൂടുതല്‍ ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുന്നുവെന്നും സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'കുഞ്ഞുകുഞ്ഞ് ചുവടുകള്‍ വെച്ചാണ് ഇപ്പോഴും നടക്കുന്നത്. വലിയ കൊമ്പുകള്‍ കാണുമ്പോള്‍ പറന്നുചെന്നിരിക്കാന്‍ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിന്‍വലിയലാണ് ഇപ്പോഴും. കുഞ്ഞു കുഞ്ഞു ചുവടുകള്‍ കൊണ്ടാണ് ചോലയും നടന്നു തീര്‍ത്തത്. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്. വളരെ വലിയ സന്തോഷം..', സനലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

നിമിഷാ സജയനും ജോജു ജോര്‍ജ്ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ചോല'. കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നിമിഷയെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് 'ചോല'യിലെ പ്രകടനം കൂടിയായിരുന്നു.

സനല്‍കുമാര്‍ ശശിധരന്റെ കഴിഞ്ഞ ചിത്രം 'എസ് ദുര്‍ഗ'യും അന്തര്‍ദേശീയ വേദിയില്‍ പുരസ്‌കാരം നേടിയ സിനിമയാണ്. മറ്റൊരു പ്രശസ്ത ചലച്ചിത്രോത്സവമായ റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയിരുന്നു ചിത്രം.