ധ്യാനിനൊപ്പം ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്‍റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ചീനാ ട്രോഫി എന്ന സിനിമ അത് പറയുന്ന രാഷ്ട്രീയം കൊണ്ട് തന്‍റെ ശ്രദ്ധ ആകര്‍ഷിച്ചെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. "ചീനാ ട്രോഫി എന്ന ധ്യാൻ ശ്രീനിവാസൻ സിനിമ കണ്ടു. ചെറിയ പടമാണ്. കുറച്ച് തമാശകൾ ഒക്കെ ഉള്ള ഒരു ഫീൽ ഗുഡ് മൂവി. പക്ഷേ എന്നെ ആകർഷിച്ചത് ഈ ചെറിയ സിനിമ പറഞ്ഞ രാഷ്ട്രീയവും അത് പറയാൻ അവർ കാണിച്ച ചങ്കുറപ്പുമാണ്. മനുഷ്യാവകാശത്തെക്കുറിച്ച് പുരപ്പുറത്ത് നിന്ന് ഗിരിപ്രഭാഷണം നടത്തുന്ന കമ്മ്യൂണിസ്റ്റ് കപടമുഖം വലിച്ചു കീറുന്നുണ്ട് ഈ സിനിമ. ചൈന ടിബറ്റിൽ നടത്തുന്നത് അധിനിവേശമാണെന്ന് പറയുക മാത്രമല്ല ചെങ്കൊടിക്ക് ഒരു ഏറും വച്ചു കൊടുത്തിട്ടുണ്ട് സിനിമയിൽ. അതിഷ്ടമായി. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ പോയാൽ കുറച്ച് നേരം ചിരിക്കാം", സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുട്ടനാട്ടിലെ ഒരു ഗ്രാമത്തിൽ പലഹാരങ്ങൾ നിർമ്മിച്ച് കടകളിൽ വിതരണം ചെയ്ത് ജീവിക്കുന്ന സാധാരണക്കാരനായ ഒരു യുവാവിനെ തേടി ചൈനയിൽ നിന്നും ഒരു യുവതി വരുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ചിത്രത്തിലെ ഒരു രംഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരായി നായിക പ്രതികരിക്കുന്ന ഒരു രംഗമുണ്ട്. എന്നാല്‍ ചിത്രം കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെയല്ലെന്ന് സംവിധായകൻ അരുൺ ലാൽ തന്നെ പ്രസ്സ് മീറ്റിൽ പറഞ്ഞിരുന്നു.

ധ്യാനിനൊപ്പം ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോയും ഒന്നിക്കുന്ന ചിത്രം പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ALSO READ : 'അനിമലി'ന്‍റെ അലര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞോ 'സാം ബഹാദൂര്‍'? കളക്ഷനില്‍ അജഗജാന്തരം വ്യത്യാസം; കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം