ഈ നടനെ മനസിലായോ? കൊടും വില്ലനായെത്തി നിങ്ങളെ ഞെട്ടിച്ച താരം ഇനി പുതുഭാവത്തില്‍
ശൂന്യ സംവിധാനം ചെയ്യുന്ന ചിത്രം

കൊറിയോഗ്രാഫറായി സിനിമാപ്രേമികളുടെ കൈയടി വാങ്ങിയ ആളാണ് സാന്‍ഡി മാസ്റ്റര്‍. ഇപ്പോള്‍ നടനെന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ നടനായെത്തിയ വിജയ് ചിത്രം ലിയോയിലെ വില്ലന്‍ കഥാപാത്രം വലിയ പ്രേക്ഷകപ്രീതി നേടിയ ഒന്നായിരുന്നു. ചിത്രം ആരംഭിക്കുന്ന സമയത്ത് ലോകേഷ് സൃഷ്ടിച്ച ബില്‍ഡപ്പ് വിജയിച്ചതിന് ഒരു പ്രധാന കാരണം സാന്‍ഡിയുടെ പ്രകടനമായിരുന്നു. നടനെന്ന കരിയര്‍ തുടരാനാണ് അദ്ദേഹത്തിന്‍റെ തീരുമാനമെന്ന് തോന്നുന്നു. ഇപ്പോഴിതാ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അദ്ദേഹം.
ഹെഡ് ബുഷ് എന്ന ചിത്രം ചെയ്ത് ശ്രദ്ധ നേടിയ ശൂന്യ സംവിധാനം ചെയ്യുന്ന റോസി എന്ന ചിത്രത്തിലൂടെയാണ് സാന്‍ഡി മാസ്റ്ററുടെ നടനായുള്ള കന്നഡ സിനിമാ അരങ്ങേറ്റം. യോഗേഷ് ആണ് ചിത്രത്തിലെ നായകന്‍. ഇപ്പോഴിതാ ചിത്രത്തിലെ സാന്‍ഡിയുടെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. ആണ്ഡാള്‍ എന്ന കഥാപാത്രമായി വേറിട്ട ഗെറ്റപ്പിലാണ് അദ്ദേഹം ചിത്രത്തില്‍ എത്തുന്നത്. ഒറ്റ നോട്ടത്തില്‍ ആളെ മനസിലാക്കാനാവുന്ന തരത്തിലുള്ളതല്ല പോസ്റ്ററിലെ ഗെറ്റപ്പ്. ലോകേഷ് കനകരാജും പാ രഞ്ജിത്തും അടക്കമുള്ള സംവിധായകര്‍ സാന്‍ഡിക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
2021 ല്‍ പുറത്തെത്തിയ 3.33 എന്ന ചിത്രത്തിലൂടെയായിരുന്നു നടനായുള്ള സാന്‍ഡിയുടെ അരങ്ങേറ്റം. അതേസമയം സ്റ്റൈലിഷ് ഗ്യാങ്സ്റ്റര്‍ ഡ്രാമ എന്ന് കരുതപ്പെടുന്ന റോസിയുടെ നിര്‍മ്മാണം ഡി വൈ രാജേഷ്, ഡി വൈ വിനോദ് എന്നാണ്. സംഗീതം ഗുരുകിരണ്‍, ഛായാഗ്രഹണം എസ് കെ റാവു, ആക്ഷന്‍ കൊറിയോഗ്രഫി വിനോദ്, എഡിറ്റിംഗ് ഹരീഷ് കൊമ്മെ, ഡയലോഗ് മാസ്തി, വസ്ത്രാലങ്കാരം അനില്‍ കുമാര്‍, അസോസിയേറ്റ് റൈറ്റര്‍ ഡി വൈ രാജേഷ്, കോ ഡയറക്ടര്‍ ചിക്കി.
ALSO READ : ഒടിടിയില്‍ ഇന്ന് അര്‍ധരാത്രി; 'കണ്ണൂര്‍ സ്ക്വാഡ്' തിയറ്ററില്‍ നിന്ന് ഇതുവരെ എത്ര നേടി?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക