കന്നഡ സിനിമയെക്കുറിച്ചുള്ള ഇന്ത്യന്‍ സിനിമാപ്രേമിയുടെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു കെജിഎഫ്. ഇപ്പോഴിതാ 2020 ഏപ്രിലില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന കെജിഎഫ് 2ന്റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. രണ്ടാംഭാഗത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. 'അധീര' എന്ന പ്രതിനായക കഥാപാത്രമാണ് അത്. ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രീകരണത്തില്‍ സഞ്ജയ് ദത്ത് ഇന്ന് ജോയിന്‍ ചെയ്തു. അദ്ദേഹത്തിന്റെ സോളോ രംഗങ്ങളും നായകന്‍ യഷ് അടക്കമുള്ളവര്‍ക്കൊപ്പമുള്ള രംഗങ്ങളും അടുത്ത പത്ത് ദിവസത്തില്‍ ചിത്രീകരിക്കുമെന്ന് അറിയുന്നു.

നിയമവിരുദ്ധമായി സ്വര്‍ണ്ണഖനി നിര്‍മ്മിച്ചെടുത്ത് അതിന്റെ അധിപതിയായ സൂര്യവര്‍ധന്‍ എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് അധീര. അതേസമയം ഏറെക്കാലത്തിന് ശേഷമാണ് സഞ്ജയ് ദത്ത് ഒരു പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. '2012ല്‍ പുറത്തെത്തിയ അഗ്നിപഥിലാണ് ഞാന്‍ അവസാനമായി ഒരു നെഗറ്റീവ് റോള്‍ അഭിനയിച്ചത്. അത്തരം കഥാപാത്രങ്ങള്‍ ഇനിയും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു ഞാന്‍', സഞ്ജയ് ദത്ത് പറയുന്നു.

യഷ് അവതരിപ്പിക്കുന്ന 'റോക്കി'യുടെ കുട്ടിക്കാലം മുതല്‍ സൂര്യവര്‍ധന്റെ മറ്റൊരു മകനായ 'ഗരുഡ'യെ കീഴ്‌പ്പെടുത്തുന്നത് വരെയുള്ള കാലയളവായിരുന്നു കെജിഎഫ് ആദ്യ ഭാഗത്തില്‍ ചിത്രീകരിക്കപ്പെട്ടത്. 'റോക്കി'യും സഞ്ജയ് ദത്തിന്റെ 'അധീര'യും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാംഭാഗത്തിന്റെ പ്രധാന പ്രമേയം. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹൊംബാലെ ഫിലിംസ് ആണ്.