സൂപ്പർഹിറ്റ് കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ടീസറിന് തന്നെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ടാം ഭാ​ഗത്തിൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന കഥാപാത്രമാണ് സഞ്ജയ് ദത്തിന്റെ അധീര. അദ്ദേഹത്തിന്റെ ക്യാറക്ടർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജയ് ദത്ത്. 

ഇതുവരെ താൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് അധീരയെന്ന് സഞ്ജയ് ദത്ത് പറഞ്ഞു. ഏകദേശം ഒന്നര മണിക്കൂർ വേണ്ടി വന്നു മേക്കപ്പിന്. കഥാപാത്രത്തിനായി ശാരീരിക തയ്യാറെടുപ്പുകൾക്കൊപ്പം മാനസിക തയ്യാറെടുപ്പും വേണ്ടിവന്നെന്നും താരം പറയുന്നു.

“തിരക്കഥയും കഥാതന്തുവുമാണ് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. ഏത് കഥാപാത്രമായാലും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ കഥാപാതം ചെയ്യുമ്പോഴും പ്രേക്ഷകർ നമ്മളിൽ നിന്നും വ്യത്യസ്തതയാണ് പ്രതീക്ഷിക്കുന്നത്. അധീരയും അത്തരത്തിലൊരു കഥാപാത്രമാണ്.'കെജിഎഫ്'ന്റെ തുടർച്ചയാണ് ഈ സിനിമ. അതുകൊണ്ട് തന്നെ അതിലുണ്ടായിരുന്നതും കൂടുതലും ഇതിൽ പ്രതീക്ഷിക്കാം. യഷും ഞാനും തമ്മിലുളള ഏറ്റുമുട്ടലുകൾ വളരെ സ്വാഭാവികമായും രസകരവുമായിരുന്നു. ഒത്തിരി സംഘട്ടന രംഗങ്ങൾ ഇതിലുണ്ട്. കൂടുതൽ പറയുന്നതിന് പകരം പ്രേക്ഷകർ ചിത്രം കണ്ട് ആസ്വദിക്കട്ടെ“, സഞ്ജയ് ദത്ത് പറയുന്നു. 

അതേസമയം ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ഓരോ ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. യഷും സഞ്ജയ് ദത്തും ഒന്നിച്ചെത്തിയ ടീസർ ഇറങ്ങി രണ്ട് ദിവസം പിന്നിടുമ്പോൾ 100 മില്യണിൽ അധികം കാഴ്ച്ചക്കാർ എന്ന റെക്കേർഡ് നേട്ടവും കൈവരിച്ചിരിക്കുകയാണ്. 

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാക്കൾ. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന 'കെജിഎഫ് 2'ന്‍റെ ചിത്രീകരണം ഓഗസ്റ്റ് 26നായിരുന്നു പുനരാരംഭിച്ചത്. 90 ശതമാനം രംഗങ്ങളും ലോക്ക്ഡൗണിന് മുമ്പേ പൂര്‍ത്തിയാക്കിയിരുന്നു.