പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന് പ്രാധാന്യമുള്ള ചിത്രം
തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ഇന്ന് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ ശ്രദ്ധ ബോളിവുഡ് താരങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ബിഗ് ബജറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളിലെ വേഷങ്ങള്‍ വലിയ താല്‍പര്യത്തോടെയാണ് ഹിന്ദി അഭിനേതാക്കള്‍ ഇന്ന് ഏറ്റെടുക്കാറ്. ഇപ്പോഴിതാ കന്നഡത്തില്‍ താന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്. കെഡി ദി ഡെവിള്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഇത്. പ്രേം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ധ്രുവ് സര്‍ജയാണ് നായകനാവുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ധക് ദേവ എന്നാണ്. സഞ്ജയ് ദത്തിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് ഒരു ക്യാരക്റ്റര്‍ പോസ്റ്റര്‍ അടക്കമാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. രസകരമായ ഗെറ്റപ്പിലാണ് ഈ സഞ്ജയ് ദത്ത് കഥാപാത്രം പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ 65-ാം പിറന്നാള്‍ ദിനമാണ് ഇന്ന്.
വി രവിചന്ദ്രന്‍, രമേശ് അരവിന്ദ്, ശില്‍പ ഷെട്ടി, രേഷ്മ നനൈയ്യ, നോറ ഫത്തേഹി, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് കെഡിയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1970 കളില്‍ ബെംഗളൂരുവില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം എന്നാണ് അറിയുന്നത്. ജയിലില്‍ നിന്ന് ഒരു ഗുണ്ടാനേതാവ് വിട്ടയക്കപ്പെട്ടതിന് ശേഷമുണ്ടാവുന്ന സംഭവവികാസങ്ങളാണ് ഇത്. കന്നഡത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റ് കെജിഎഫ് 2 ല്‍ സഞ്ജയ് ദത്ത് അവതരിപ്പിച്ച കഥാപാത്രം വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. അധീര എന്നായിരുന്നു ഈ കഥാപാത്രത്തിന്‍റെ പേര്.
ALSO READ : 'അലയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി'; രചന നാരായണന്‍കുട്ടി പറയുന്നു
