രണ്ടാം തവണയാണ് സഞ്ജയ് ദത്ത്, കരൺ മൽഹോത്രയ്‌ക്കൊപ്പം സിനിമ ചെയ്യുന്നത്. 2012-ൽ പുറത്തിറങ്ങിയ അഗ്നിപഥ് എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ബോളിവുഡ് ചിത്രമാണ് 'ഷംഷേര' (Shamshera). രണ്‍ബീര്‍ കപൂറിനെ (Ranbir Kapoor) ടൈറ്റില്‍ കഥാപാത്രമാക്കി കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 22ന് പ്രേക്ഷകർക്ക് മുന്നിലെത്തും. രണ്‍ബീര്‍ ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്താണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ദരോഗ ശുദ്ധ് സിംഗ് എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. നടന്റെ സിനിമാ കരിയറിലെ മികച്ചൊരു വേഷമാകും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ തന്റെ കഥാപാത്രം ഹാസ്യാത്മകവും അതോടൊപ്പം അപകടകരമായതും ആണെന്ന് പറയുകയാണ് സഞ്ജയ് ദത്ത്. ഏഷ്യാനെറ്റ് ന്യൂസബിളിനോട് ആയിരുന്നു നടന്റെ പ്രതികരണം.
"ശുദ്ധ് സിംഗ് ജി ഒരു ഹാസ്യാത്മക വ്യക്തിയാണ്. എന്നാൽ, വളരെ അപകടകാരിയുമാണ്. ചുരുക്കി പറഞ്ഞാൽ ഷംഷേരയിലെ എന്റെ കഥാപാത്രത്തിന് വ്യത്യസ്ത ഭാവങ്ങൾ ഉണ്ട്. കുറച്ച് രേഖാചിത്രങ്ങളുമായാണ് കരൺ (സംവിധായകൻ) എന്റെ അടുത്ത് കഥ പറയാൻ വന്നത്. കഥാപാത്രത്തെ കുറിച്ചും വേഷങ്ങളെ കുറിച്ചുമെല്ലാം വിശദമായി പറഞ്ഞു. ശേഷമാണ് അഭിനയിക്കാമെന്ന് ഏറ്റത്", സഞ്ജയ് ദത്ത് പറയുന്നു.
Shamshera Teaser : ബാഹുബലിക്ക് ബോളിവുഡിന്‍റെ മറുപടി? വമ്പന്‍ കാന്‍വാസില്‍ 'ഷംഷേര'; ടീസര്‍
ശുദ്ധ് സിങ്ങിനെ കെജിഎഫ് 2വിലെ അധീരയുമായി താരതമ്യപ്പെടുത്താമോ എന്ന ചോദ്യത്തിന്,"രണ്ടും വ്യത്യസ്തമാണ്. രണ്ടു പേരെയും ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ല. ശുദ്ധ് സിങ്ങിൽ നിന്നും വളരെ വ്യത്യസ്തമാണ് അധീര", എന്നായിരുന്നു നടന്റെ മറുപടി. ഷംഷേരയിൽ വളരെ മികച്ച പ്രകടനം ആണ് രൺബീർ കാഴ്ചവച്ചതെന്നും ചിത്രത്തോട് പ്രതിബദ്ധതയും സത്യസന്ധതയും നടൻ പുലർത്തിയിട്ടുണ്ടെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേർത്തു.
ആർആർആർ, കെജിഎഫ് പോലുള്ള തെന്നിന്ത്യന്‍ സിനിമകളുടെ വൻ വിജയത്തെ കുറിച്ചും സഞ്ജയ് ദത്ത് സംസാരിച്ചു. "രണ്ട് ഇന്റസ്ട്രികളും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ല എന്നതാണ് വാസ്തവം. അഭിനേതാക്കൾ അഭിനേതാക്കളാണ്, നാമെല്ലാവരും അഭിനയിക്കുന്നു. തിരക്കഥയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നവരാണ് സംവിധായകർ. ഒരു സിനിമയെ തങ്ങളാൽ കഴിയും വിധം മനോഹരമാക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്. പ്രശാന്തും (കെജിഎഫ് 2 ന്റെ സംവിധായകൻ) കരണും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. ഞങ്ങളെല്ലാം ഇന്ത്യൻ സിനിമാ വ്യവസായത്തിലുള്ളവരാണ്. അങ്ങനെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്", എന്ന് സഞ്ജയ് ദത്ത് വ്യക്തമാക്കി.

അതേസമയം, ഇത് രണ്ടാം തവണയാണ് സഞ്ജയ് ദത്ത്, കരൺ മൽഹോത്രയ്‌ക്കൊപ്പം സിനിമ ചെയ്യുന്നത്. 2012-ൽ പുറത്തിറങ്ങിയ അഗ്നിപഥ് എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. 2018 ഡിസംബറില്‍ ആരംഭിച്ച ഷംഷേരയുടെ ചിത്രീകരണം 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. വാണി കപൂര്‍ ആണ് നായിക. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രവും രണ്‍ബിര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
