മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ രോഗത്തെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് വീണ്ടും ആവർത്തിച്ച് ഭാര്യ മാന്യത ദത്ത്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ സഞ്ജയ് ദത്ത് പ്രാഥമിക ചികിത്സ പൂർത്തിയാക്കുമെന്നും അതിനു ശേഷം മാത്രമേ തുടർ യാത്രാകളെ കുറിച്ച് തീരുമാനിക്കൂ എന്നും മാന്യത പ്രസ്താവനയിൽ വ്യക്തമാക്കി. 

ഈ പോരാട്ടത്തിൽ സഞ്ജയ് തീർച്ചയായും വിജയിക്കുമെന്ന് പറഞ്ഞ മാന്യത, ആരാധകർ കാണിക്കുന്ന സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു. കോകിലബെൻ ആശുപത്രിയിലേക്ക് ദത്തിനെ മാറ്റിയതിന് പിന്നാലെ ആയിരുന്നു മാന്യതയുടെ പ്രസ്താവന. താൻ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് മാറി നിൽക്കുകയാണെന്നും അത് സംബന്ധിച്ച് അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തരുതെന്നും ഓഗസ്റ്റ് 12ന് ഒരു ട്വീറ്റിൽ സഞ്ജയ് ദത്ത് പറഞ്ഞിരുന്നു.

മാന്യതയുടെ പ്രസ്താവന ഇങ്ങനെ

”സഞ്ജുവിന്റെ എല്ലാ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും, ഈ വർഷങ്ങളിലെല്ലാം നിങ്ങൾ കാണിച്ച സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി പറയാതിരിക്കാൻ എനിക്ക് കഴിയില്ല.

ജീവിതത്തിൽ നിരവധി ഉയർച്ചകളിലൂടെയും വീഴ്ചകളിലൂടെയുമാണ് സഞ്ജു കടന്നുപോയത്. എന്നാൽ, എല്ലാ കഠിനമായ ഘട്ടങ്ങളിലൂടെയും അദ്ദേഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് നിങ്ങളുടെ പ്രശംസയും പിന്തുണയുമാണ്. അതിൽ ഞങ്ങൾ എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കും. മറ്റൊരു വെല്ലുവിളിയിലൂടെ ഞങ്ങൾ ഇപ്പോൾ കടന്നുപോകുകയാണ്, നിങ്ങൾ ഇതുവരെ കാണിച്ച സ്നേഹവും കരുതലും പ്രാർത്ഥനയും ഇനിയും സഞ്ജുവിന് ഒപ്പമുണ്ടാകുമെന്ന് അറിയാം.

ഒരു കുടുംബമെന്ന നിലയിൽ, പോസിറ്റീവോടെ ഇത് നേരിടാൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. സഞ്ജു മുംബൈയിൽ പ്രാഥമിക ചികിത്സ പൂർത്തിയാക്കും. കൊവിഡിന്റെ സാഹചര്യം നോക്കിയാവും തുടർ യാത്രാപദ്ധതികൾ ആവിഷ്കരിക്കുക. നിലവിൽ, കോകിലബെൻ ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധ മേൽനോട്ടത്തിലാണ് സഞ്ജു.

എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, അദ്ദേഹത്തിന്റെ രോഗത്തെ പറ്റിയുള്ള  ഊഹാപോഹങ്ങൾ അവസാനിപ്പിക്കണം, ഡോക്ടർമാരെ അവരുടെ ജോലി തുടരാൻ അനുവദിക്കൂ. അദ്ദേഹത്തിന്റെ ആരോ​ഗ്യനിലയെ പറ്റി ഞങ്ങൾ അപ്ഡേറ്റുകൾ നൽകും. 

സഞ്ജു എന്റെ ഭർത്താവും എന്റെ മക്കളുടെ അച്ഛനും മാത്രമല്ല, മാതാപിതാക്കളെ നഷ്ടപ്പെട്ട അഞ്ജുവിനും പ്രിയയ്ക്കും പിതൃതുല്യനായ ആൾ കൂടിയാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയവും ആത്മാവുമാണ്. കുടുംബത്തിനെ ഉലയ്ക്കുന്ന സാഹചര്യങ്ങളെ എന്തുവന്നാലും ഒന്നിച്ചു നേരിടുമെന്ന ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ. ദൈവവും നിങ്ങളുടെ പ്രാർത്ഥനകളും കൂടെയുണ്ടെങ്കിൽ നമുക്ക് ഒന്നിച്ച് ഈ പോരാട്ടത്തെ അതിജീവിക്കാനും വിജയികളാവാനും സാധിക്കും”