സുരേഷ് ഗോപിയോട് നന്ദി പറയാൻ കുഞ്ഞ് എത്തിയതിനെ കുറിച്ച് സഞ്‍ജയ് പടിയൂര്‍.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്ന താരവും എപിയുമാണ് സുരേഷ് ഗോപി (Suresh Gopi). സുരേഷ് ഗോപിയില്‍ നിന്ന് ഒരു കുഞ്ഞിിന് സഹായം ലഭിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍ സഞ്‍ജയ് പടിയൂര്‍. കുട്ടി ഒരു സിനിമ ലൊക്കേഷനില്‍ സുരേഷ് ഗോപിയെ കാണാൻ എത്തിയതിനെ കുറിച്ചാണ് സഞ്‍ജയ് പടിയൂര്‍ പറയുന്നത്. സുരേഷ് ഗോപിയുടെ ഇടപെടലുകളെ തുടര്‍ന്ന് ചികിത്സാ സഹായം ലഭിച്ച കുഞ്ഞും കുടുംബവം നന്ദി പറയാൻ എത്തിയതിനെ കുറിച്ചാണ് സഞ്‍ജയ് പടിയൂര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്.

സുരേഷേട്ടനെ കാണണം എന്ന് പറഞ്ഞ് ഒരു പാട് പേർ വിളിക്കാറുണ്ട്, സഹായം അഭ്യർത്ഥിച്ചും അല്ലാതെയും ഇന്നും ആ വിളികൾ തുടരുന്നു, എല്ലാവർക്കും ചേട്ടനോട് ചോദിച്ച് മറുപടിയും കൊടുക്കുന്നുണ്ട്. കൊല്ലംങ്കോട് ലൊക്കേഷനിൽ വച്ച് ഒരു കൊച്ചു കുഞ്ഞും അച്ചനും അമ്മയും കൂടി ചേട്ടനെ കാണാൻ വന്നു. കൊവിഡ് മഹാമാരി മൂർദ്ധന്യാവസ്ഥയിൽ ഉള്ള സമയം കുവൈറ്റിൽ നിന്നും എയർഫോഴ്‍സ് വിമാനത്തിൽ ഡൽഹിയിൽ കൊണ്ടുവന്ന് എയിംസിൽ സർജറി നടത്തി രക്ഷപെടുത്തിയ കുട്ടിയെ കുറിച്ചു പത്രങ്ങളിൽ വായിച്ചറിഞ്ഞിരുന്നു. ആ കുട്ടിയും കുടുംബവുമായിരുന്നു വന്നത്.

അവരോടുള്ള ചേട്ടന്റെ സ്‍നേഹം നേരിൽ കണ്ട വനാണ് ഞാൻ. അവരും ചേട്ടനോട്‌ അവരുടെ നന്ദി അറിയിക്കാനാണ് നേരിൽ വന്നത്. ഷൂട്ടിങ്ങിനിടയിൽ നിന്നിറങ്ങി വന്ന് അവരോട് സംസാരിച്ച് അവരെ പെട്ടെന്ന് തന്നെ യാത്രയാക്കി. ഇവിടെ അധികനേരം നിൽക്കണ്ട കുഞ്ഞിന് ഇൻഫക്ഷൻ ആകും എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു.

ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങൾ നൽകാനും ചേട്ടൻ മറന്നില്ല. ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാൻ കഴിയൂ. അവിടെ ജാതിയോ മതമോ രാഷ്‍ട്രീയമോ നോക്കിയല്ല അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. ഇതെന്റെ നേർക്കാഴ്‍ചയാണ്. ഇനിയും നന്മകൾ ചെയ്യാൻ സർവ്വേശ്വരൻ ചേട്ടനെ അനുഗ്രഹിക്കട്ടെ. സുരേഷ് ഗോപിയുടെ ഫോട്ടോയും പങ്കുവെച്ചാണ് സഞ്‍ജയ് പടിയൂരിന്റെ കുറിപ്പ്. സഞ്‍ജയ് പടിയൂര്‍ എഴുതിയ കുറിപ്പ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തു.