ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ സിനിമാ രാഷ്ട്രീയ മേഖലയിലെ 30 പേർക്കെതിരെ അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയുടെ മൊഴി. കേസില്‍ അറസ്റ്റിലായവർ പങ്കെടുത്ത ഡ്രഗ് പാർട്ടികളില്‍ കേരളത്തില്‍നിന്നടക്കം ലഹരിമരുന്നുകൾ എത്തിച്ച് വിതരണം ചെയ്തത് മലയാളിയായ നിയാസാണെന്നും സിസിബിക്ക് വിവരം ലഭിച്ചു. അതേസമയം നഗരത്തില്‍ ലഹരിവേട്ട തുടരുന്ന പോലീസ് ഇന്ന് 1350 കിലോ കഞ്ചാവ് പിടികൂടി.

ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളിലായി നടത്തിയ നിശാ പാർട്ടികളില്‍ തന്നോടാപ്പം പങ്കെടുത്ത സിനിമാ രാഷ്ടീയമേഖലയിലെ പ്രമുഖരുടെ പേരുകളാണ് നടിയുടെ മൊഴിയിലുള്ളത്. ഈ പാർട്ടികളില്‍ വിവിധ തരം ലഹരിമരുന്നുകൾ ഉപയോഗിച്ചുവെന്നാണ് സിസിബിയുടെ കണ്ടെത്തല്‍. കേരളത്തില്‍നിന്നും കഞ്ചാവും വിദേശ രാജ്യങ്ങളില്‍നിന്ന് രാസലഹരിവസ്തുക്കളുമാണ് ഈ പാർട്ടികളിലേക്ക് എത്തിയത്. പാർട്ടികളിലെത്തുന്നവർക്ക് ലഹരിമരുന്നുകൾ വിതരണം ചെയ്തത് മലയാളിയായ നിയാസും സംഘവുമാണെന്നും സിസിബി കണ്ടെത്തി. നിയാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. 

ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള നിയാസിന്‍റെ കേരളത്തിലെ ബന്ധങ്ങളെ കുറിച്ചും വിവരം ശേഖരിക്കുന്നുണ്ട്. സഞ്ജന ഗല്‍റാണിയുടെ ബിസിനസ് പങ്കാളായിയ പ്രശാന്ത് രങ്കയുടെ അറസ്റ്റും ഇന്ന് രേഖപ്പെടുത്തി. ഇയാളുമായി ചേർന്ന് നടി ഇവന്‍റ് മാനേജ്മെന്‍റ് കന്പനി നടത്തിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റില്‍ ആയവരുടെ എണ്ണം ഏഴായി.

അതേസമയം മയക്കുമരുന്ന് കേസിനെചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയപോരും തുടങ്ങി. സർക്കാറിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച ബിജെപി നേതൃത്വം നഗരത്തിലെ ലഹരിമരുന്ന് മാഫിയയെ ഇല്ലാതാക്കും വരെ അന്വേഷണം തുടരുമെന്നും അറിയിച്ചു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കോൺഗ്രസ് നേതാവും ചാമരാജ് പേട്ട് എംഎല്‍എയുമായ സമീർ അഹമ്മദ് ഖാന്‍ പോലീസില്‍ പരാതി നല്‍കി.

നഗരത്തില്‍ ലഹരിവേട്ട തുടരുന്ന ബെംഗളൂരു പൊലീസ് 1350 കിലോ കഞ്ചാവുമായി 4 പേരെ പിടികൂടി. കലബുറഗി ജില്ലയിലെ ഫാംഹൗസിലെ രഹസ്യ അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണിത്.