ബേസിൽ ജോസഫ് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. വിപിൻ ദാസാണ് സംവിധായകൻ.കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ അടുത്തിടെ ക്രിക്കറ്റ്‌ താരം സഞ്‍ജു സാംസൺ ഒരു സർപ്രൈസ് വിസിറ്റ് നടത്തിയതിനറെ ഫോട്ടോകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ബേസിൽ ജോസഫുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഒരാളാണ് സഞ്‍ജു സാംസൺ. അയർലാൻഡിന് എതിരെയുള്ള പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്‍ജു ട്രെയിനിങ് സെഷനുകൾക്ക് വേണ്ടി പോകുന്നതിനു മുൻപാണ് സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റിൽ എത്തിയത്. ബേസിലും സംവിധായകൻ വിപിനും വലിയ ക്രിക്കറ്റ്‌ പ്രേമികളാണ്. 'ജയ ജയ ജയ ജയഹേ' പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള സഞ്‍ജുവിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് 'ജയ ജയ
 ജയ ജയഹേ'. അമൽ പോൾസനാണ് സഹ നിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ,ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.