സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. പ്രിയദർശിനി ബസിലെ കണ്ടക്ടറാകാൻ ആഗ്രഹമുണ്ടെന്ന് സന്തോഷ് പറയുന്നു.
കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയിൽ പറഞ്ഞൊരു വാക്കായിരുന്നു കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. ഏറെ നാളത്തെ ചർച്ചകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ജൂൺ 15ന് ഇക്കാര്യം യാഥാർത്ഥ്യമാകുകയും ചെയ്തു. പ്രിയദർശിനി എന്നാണ് പദ്ധതിയുടെ പേര്. ഈ ബോർഡ് എഴുതിയിട്ടുള്ള എല്ലാ ഓർഡിനറി ബസിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സന്തോഷ് പണ്ഡിറ്റ് പങ്കിട്ട രസകരമായൊരു കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.
പ്രിയദർശിനി ബസിലെ കണ്ടക്ടർ ആകാൻ മോഹമുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അങ്ങനെ ആയാൾ സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റ് മാത്രമല്ല, മധുരമുള്ളൊരു കേക്കും സൗജന്യമായി നൽകുമെന്നും അതിലൂടെ കൂടുതൽ യാത്രക്കാരെ ബസിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. "കെഎസ്ആർടിസി "പ്രിയദർശിനി" ബസ്സിലെ കണ്ടക്ടർ ആകുവാൻ മോഹം..(വാൽ കഷ്ണം..ഞാൻ അങ്ങനെ കണ്ടക്ടർ ആയാൽ, ആ ബസ്സിൽ കയറുന്ന സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള കേക്കും സൗജന്യമായി നൽകും. അതിലൂടെ കൂടുതൽ സ്ത്രീ യാത്രക്കാരെ ഇത്തരം ബസ്സുകളിലേക്ക് ആകർഷിപ്പിക്കുവാൻ സാധിക്കും എന്നു കരുതാം..)", എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. "ഓരോരോ ആഗ്രഹങ്ങളെ, പുതിയ നായികമാരെ കണ്ടെത്തൽ ആണോ? ആവും, ചില്ലറ ആഗ്രഹം ഒന്നും അല്ലല്ലോ അണ്ണാ, അടുത്ത മൂവിക്ക് പ്രിയദർശിനി ബസ് എന്ന് പേര് ഇടാം, ഏത് റൂട്ടിൽ ആണ് എന്ന് പറയണേ, അതിമോഹമാണ് മോനെ ദിനേശാ, പ്രിയദർശിനി ടൂർ പോവാനുള്ളതല്ല. സ്ത്രീകളുടെ തള്ളിക്കയറ്റം കാരണം മറ്റ് യാത്രക്കാർക്ക് വേറെ മാർഗ്ഗം തേടേണ്ടിയിരിക്കുന്നു. ലേഡീസ് ഒൺലി ബസ്സാക്കി ഓടുന്നതാ നല്ലത്", എന്നിങ്ങനെ പോകുന്നു കമന്റുകൾ.



