Asianet News MalayalamAsianet News Malayalam

'മായാനദി നിര്‍മ്മിച്ചത് പൂര്‍ണ്ണമായും എന്‍റെ പണം കൊണ്ട്'; വിവാദവ്യക്തിക്ക് പങ്കില്ലെന്ന് സന്തോഷ് ടി കുരുവിള

'ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായി അടച്ചിട്ടുള്ളതാണ്. പ്രധാനമായി ഈ സിനിമ നിർമ്മിക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയപുരസ്സരം അറിയിച്ചു കൊള്ളട്ടെ!'

santhosh t kuruvilla about controversy in funding of mayaanadhi
Author
Thiruvananthapuram, First Published Jul 21, 2020, 9:47 PM IST

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തു കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദ് ചില മലയാളസിനിമകളില്‍ നിക്ഷേപം നടത്തിയിരുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത്തരത്തില്‍ ഫൈസല്‍ നിക്ഷേപം നടത്തിയ സിനിമകളില്‍ ആഷിക് അബു സംവിധാനം ചെയ്‍ത മായാനദി ഉള്‍പ്പെടുമെന്നും സമൂഹമാധ്യമ ചര്‍ച്ചകളില്‍ അഭിപ്രായപ്പെട്ടവര്‍ ഉണ്ടായിരുന്നു. എന്നാല്‍ മായാനദിയെ ഇതുമായി ബന്ധിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫൈസലിന്‍റെ പേര് പരാമര്‍ശിക്കാതെയാണ് സന്തോഷ് ടി കുരുവിളയുടെ പ്രതികരണം.

സന്തോഷ് ടി കുരുവിളയുടെ പ്രതികരണം

പ്രിയ സുഹൃത്തുക്കളെ, ഒരു പ്രവാസി വ്യവസായി ആയിരിക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷൻ കൊണ്ടുതന്നെ, മലയാള സിനിമാ വ്യവസായത്തിൽ, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നൽകുന്ന ഒരു വ്യക്തിയാണ് ഞാൻ. നിർഭാഗ്യവശാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ നിർമ്മിച്ച മായാനദി എന്ന ചിത്രത്തിന്‍റെ യഥാർത്ഥ നിർമ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാർത്ത പ്രചരിച്ചു കാണുന്നു. എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ഓൺലൈൻ പോർട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ, വസ്തുതകൾക്ക് നിരക്കാത്ത വ്യാജ വാർത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും എന്‍റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ്. ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായി അടച്ചിട്ടുള്ളതാണ്. പ്രധാനമായി ഈ സിനിമ നിർമ്മിക്കാൻ ഞാൻ ഒരു വ്യക്തിയുടെ കൈയ്യിൽ നിന്നും പണം കടമായോ നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയപുരസ്സരം അറിയിച്ചു കൊള്ളട്ടെ! പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായി ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാനദി എന്ന എന്‍റെ സിനിമയെക്കുറിച്ച് വന്ന വ്യാജ വാർത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയിൽ സാധ്യമാവൂ. ഓൺലൈൻ പോർട്ടലുകളിൽ, സമൂഹ മാധ്യമങ്ങളിൽ ഇത്തരം വ്യാജ വ്യാർത്തകൾ പടച്ചു വിടുന്നതിൽ ചില വ്യക്തികൾക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല. ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോൾ ഒരു ഫാക്ട് ചെക്ക് നടത്തുക. ഞാനൊരു വ്യവസായിയാണ്. നിരവധി ചെറുപ്പക്കാർ വിവിധ സംരഭങ്ങളിലായി നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവർത്തിയ്ക്കുന്നുണ്ട്. പുതിയ സിനിമകൾക്കായുള്ള ചർച്ചകൾ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ്. വിനോദ വ്യവസായത്തിൽ തുടർന്നും എന്‍റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിക്കും. ഒരു വസ്തുത അറിയുക സന്തോഷ് ടി കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ്. വ്യാജ വാർത്തകൾ പരത്താതിരിയ്ക്കുക, കൊറോണ പടർത്താതിരിയ്ക്കുക, സുരക്ഷിതരായിരിക്കുക.

Follow Us:
Download App:
  • android
  • ios