റൊമാന്റിക് ഹീറോയായും കലിപ്പനായും തകര്‍ത്താടുകയാണ് സജിന്‍.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ അഭിനേതാവാണ് സജിന്‍. സിനിമാ സീരിയല്‍ താരമായ ഷഫ്‌നയുടെ ഭര്‍ത്താവായ സജിന്‍ 'പ്ലസ് ടു' എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.പിന്നീട് വലിയൊരു ബ്രേക്കിനു ശേഷം സജിന്‍ മടങ്ങിയെത്തുന്നത് മിനിസ്‌ക്രീനിലേക്കായിരുന്നു. കുടുംബപ്രേക്ഷകരും ടീനേജും ഹൃദയംകൊണ്ട് ഏറ്റെടുത്ത 'സാന്ത്വന'ത്തിലെ ശിവേട്ടനായി സജിന്‍ എത്തിയപ്പോള്‍ മലയാളം ഇക്കാലമത്രയും കാണാത്ത തരത്തിലുള്ള പരമ്പരയാണ് പ്രേക്ഷകര്‍ക്ക് കിട്ടിയിരിക്കുന്നത്. പ്രണയവും ജീവിതവും സൗഹൃദവും പറഞ്ഞുപോകുന്ന 'സാന്ത്വനം' പരമ്പരയിലെ ഐക്കണാണ് സജിന്‍. താരത്തിന്റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

'ശ്രീകാന്തിന്റെ ആദ്യരാത്രി' എന്ന പേരിലുള്ള ചിത്രത്തില്‍ 'ശ്രീകാന്താ'യാണ് സജിന്‍ എത്തുന്നത്. ഒരേസമയം റൊമാന്റിക് ഹീറോയായും കലിപ്പനായും തകര്‍ത്താടുകയാണ് സജിന്‍. 'സാന്ത്വനം' പരമ്പരയിലെ 'ശിവന്‍' എന്ന കഥാപാത്രത്തോട് അടുത്തുനില്‍ക്കുന്ന കഥാപാത്രം തന്നെയാണ് 'ശ്രീകാന്ത്' എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ റൊമാന്റിക് ഹീറോയുടെ പരിവേഷത്തില്‍ നിന്നും കട്ട കലിപ്പനിലേക്ക് മാറുന്ന 'ശ്രീകാന്ത്' കാഴ്ച്ചക്കാരനെ ഞെട്ടിക്കുന്നുണ്ട്. സാധരണ കുടുംബത്തില്‍ വിവാഹം കഴിഞ്ഞാല്‍ നടക്കുന്ന ചര്‍ച്ചകളും, ആളുകളുടെ വിഷമങ്ങളും ആധിയുമെല്ലാം മനോഹരമാക്കാന്‍ ചിത്രത്തിനായിട്ടുണ്ട്. സാധാരണ മലയാള ചിത്രങ്ങളില്‍ കാണുന്ന ആദ്യരാത്രി സീനില്‍ നിന്നും വ്യത്യസ്‍തമായാണ് ഇവിടെ പറഞ്ഞുപോകുന്നത്. സ്വന്തമായി വിവാഹചിലവും മറ്റും നോക്കുന്ന ചെറുപ്പക്കാരന്റെ ആദ്യരാത്രി പ്രണയഭരിതം എന്നതിലുപരിയായി, തന്റെ ചുറ്റുപാടിലെ മറ്റ് സാഹചര്യങ്ങളോട് എങ്ങനെയാണ് കടംകൊള്ളുന്നത് എന്നാണ് ചിത്രം പറയുന്നത്.

നായകന്റെ അഴിഞ്ഞാട്ടമാണ് കാണാന്‍ സാധിക്കുന്നതെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ആദ്യരാത്രി എന്ന പേര് കണ്ടപ്പോള്‍ ക്ലീഷേ സാധനമാണ് എന്ന് കരുതിയെങ്കിലും അടാറ് ഐറ്റമാണ് കാണാന്‍ കഴിഞ്ഞതെന്നുമെല്ലാമാണ് ആരാധകരുടെ ഭാഷ്യം. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയും മറ്റും പരിചിതയായ അഷിക അശോകനാണ് ചിത്രത്തിലെ ഭാര്യാ കഥാപാത്രമായി എത്തുന്നത്. പൊന്‍മുട്ട മീഡിയയ്ക്കുവേണ്ടി ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത് ശ്രാവണ്‍ രാജാണ്.

Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ