പ്രതികാരം ചെയ്യാന്‍ 'തമ്പി', ചെന്നൈയിലേക്ക് 'കണ്ണന്‍'; 'സാന്ത്വനം' റിവ്യൂ
തല്ലുകിട്ടിയ തമ്പി വീട്ടില്‍ വന്നുപോയതിനുശേഷം അപ്പു എല്ലാവരോടും ദേഷ്യത്തോടെയാണ് പെരുമാറുന്നത്

പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. കുടുംബസ്‌നേഹത്തെക്കുറിച്ച് പറയുന്ന പരമ്പരയുടെ ഓരോ പുതിയ എപ്പിസോഡും മനോഹരമാണ്. വളരെ നാളത്തെ കഷ്ടപ്പാട് കൊണ്ടാണ് ശിവനും അഞ്ജലിയും ഒരു കട തുടങ്ങിയത്. എന്നാല്‍ തമ്പിയുടെ ഇടപെടല്‍ ശിവന്റെ കട പൂട്ടിക്കുന്നതിലേക്കുവരെ എത്തിച്ചിട്ടുണ്ട്. ശിവനെ കളിയാക്കാനായി കടയിലേക്കുചെന്ന തമ്പിയെ ശിവന്‍ കായികമായിത്തന്നെ കൈകാര്യം ചെയ്തിരുന്നു. ശേഷം തമ്പി നേരേ ചെല്ലുന്നത് സാന്ത്വനം വീട്ടിലേക്കാണ്. ശിവന്‍ ചെയ്തതെല്ലാം മകളോട് തമ്പി പറയുന്നുണ്ട്. അച്ഛനെ ആ കോലത്തില്‍ കണ്ട അപ്പു ആകെ കലിപ്പിലാണ്. ശിവന്റെ കടയുടെ പ്രശ്‌നമറിഞ്ഞ് ബാലനും ഹരിയും പണിക്കാരുമെല്ലാം കടയില്‍ത്തന്നെ നില്‍ക്കുകയാണ്.
തല്ലുകിട്ടിയ തമ്പി വീട്ടില്‍ വന്നുപോയതിനുശേഷം അപ്പു എല്ലാവരോടും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. കുഞ്ഞിനെ എടുക്കാനായി വന്ന അഞ്ജലിയോട് അപ്പു വളരെ മോശമായി സംസാരിക്കുന്നുണ്ട്. അത് അഞ്ജലിക്ക് വിഷമം ഉണ്ടാക്കുന്നുമുണ്ട്. തന്നോട് സങ്കടം പറഞ്ഞിരിക്കുന്ന അപ്പുവിനെ ലക്ഷ്മിയമ്മ സമാധാനിപ്പിക്കുന്നുണ്ട്. ശിവന്‍ വരുമ്പോള്‍ അവനോട് എല്ലാം ചോദിക്കണമെന്നും തെറ്റ് ചെയ്തവന് ശിക്ഷ കിട്ടണമെന്നുമെല്ലാമാണ് ലക്ഷ്മിയമ്മ പറയുന്നത്. അപ്പോള്‍ അങ്ങോട്ടെത്തുന്ന ദേവി, അപ്പു അഞ്ജലിയോട് മോശമായി സംസാരിച്ചതിനെപ്പറ്റി പറയുന്നു. ഡാഡിയോട് മോശമായി പെരുമാറിയവരോട് താനും മോശമായേ പെരുമാറൂ എന്നാണ് അപ്പു ദേവിയോട് പറയുന്നത്. അപ്പുവിനെ കുഞ്ഞിനടുത്തേക്ക് പറഞ്ഞുവിട്ട് ലക്ഷ്മിയമ്മ ദേവിയോട് ചോദിക്കുന്നത്, എന്തിനാണ് അപ്പുവിനെ വഴക്ക് പറഞ്ഞതെന്നാണ്.
മിക്കവാറും ശിവന്റെ കട പൂട്ടിച്ചത് തമ്പിയായിരിക്കുമെന്നും ആ പ്രശ്‌നത്തിലായിരിക്കും തമ്പിയെ ശിവന്‍ തല്ലിയത് എന്നെല്ലാമാണ് ദേവി അമ്മയോട് സംശയം പറയുന്നത്. കൂടാതെ വല്ലാത്ത മാനസികാവസ്ഥയില്‍ വീട്ടിലേക്കുവരുന്ന ശിവനെ വഴക്കുപറയാന്‍ അമ്മ നില്‍ക്കരുതെന്നും ദേവി പറയുന്നുണ്ട്. ഇവിടെ നമ്മളെ തമ്മിലടിപ്പിക്കാനായാണ് കീറിയ ഷര്‍ട്ടും മറ്റുമായി തമ്പി ഇങ്ങോട്ട വന്നതെന്നും ദേവി പറയുന്നുണ്ട്. ചെന്നൈയിലേക്ക് പോകാനിരുന്ന കണ്ണന്‍ ഈ പ്രശ്‌നത്തിനിടെ എന്തുചെയ്യും എന്നാലോചിച്ച് നില്‍ക്കുമ്പോഴാണ് ഹരി വീട്ടിലേക്ക് വരുന്നത്. ഇതെല്ലാം പെട്ടന്ന് ശരിയാകുമെന്നും കണ്ണനോട് പോകാനുള്ള കാര്യങ്ങളെല്ലാം റെഡിയാക്കിക്കോ എന്നും ഹരി പറയുന്നുണ്ട്. എന്തിനാണ് തന്റെ ഡാഡിയെ ശിവന്‍ തല്ലിയത് എന്ന് അറിയാനായി അപ്പു ഓടി ഹരിയുടെ അടുക്കലേക്ക് വരുന്നുണ്ട്. ശിവന്റെ കട പൂട്ടിച്ചെന്നും ബാലേട്ടനെക്കൊണ്ട് വീട്ടിലെ പണിയെടുപ്പിക്കുമെന്ന് തമ്പി പറഞ്ഞെന്നും അതെല്ലാം കേട്ടപ്പോഴാണ് ശിവന്‍ തമ്പിയെ തല്ലിയതെന്നും ഹരി പറയുന്നുണ്ട്. എന്തുതന്നെയായാലും ഡാഡിയെ തല്ലരുതായിരുന്നു എന്നാണ് അപ്പു പറയുന്നത്.
കണ്ണനെ ചെന്നൈയിലേക്ക് യാത്രയാക്കാന്‍ ഹരിയും പോകുന്നുണ്ട്. അതിനായി ഡ്രസ് എടുത്തുവയ്ക്കുമ്പോള്‍ ഹരി അപ്പുവിനോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ശിവനെ ന്യായീകരിക്കാനാണ് ഹരി ശ്രമിക്കുന്നത്. എന്നാല്‍ ഒന്നുംതന്നെ അപ്പു കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. ഡാഡി തല്ലുംകൊണ്ട് അടങ്ങിയിരിക്കില്ലെന്നും എല്ലാവരും സൂക്ഷിക്കണം എന്നെല്ലാം മുഖം വീര്‍പ്പിച്ചുകൊണ്ടാണെങ്കിലും അപ്പു പറയുന്നുണ്ട്. അപ്പു പറഞ്ഞതുപോലെതന്നെ ശിവനെ തല്ലിക്കാന്‍ ആളെ ഇറക്കിയിട്ടുണ്ട് തമ്പി. തന്റെ ഫാക്ടറിയിലെ ഗുണ്ടകളെ ചട്ടം കെട്ടുന്ന തമ്പിയേയും ചെന്നൈയിലേക്ക് പോകാന്‍ ഇറങ്ങുന്ന കണ്ണനേയും കാണിച്ചാണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്.
ALSO READ : '18 പ്ലസ്' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു
WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ