സന്തോഷ് ശിവന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം ബോളിവുഡില്‍. പുതിയ ചിത്രത്തിന്‍റെ ആലോചനകള്‍ക്കിടെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ആരാണ് നായകന്‍ എന്നതുള്‍പ്പെടെ ഈ പ്രോജക്ടിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ഇനിയും പുറത്തെത്തിയിട്ടില്ല. 

ഈ ഹിന്ദി ചിത്രം കൂടാതെ ചില വെബ് സിരീസുകളുടെയും ഒരു ബിഗ് ബജറ്റ് മലയാളം സിനിമയുടെയും ആലോചനയിലാണ് അദ്ദേഹമെന്ന് അറിയുന്നു. എന്നാല്‍ കൊവിഡ് 19 ന് ശേഷം സിനിമാമേഖലയിലെ സാഹചര്യം വിലയിരുത്തിയതിന് ശേഷമാവും ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്.

 

അതേസമയം മലയാളത്തില്‍ സംവിധാനം ചെയ്‍ത ജാക്ക് ആന്‍ഡ് ജില്‍ ആണ് സന്തോഷ് ശിവന്‍ പൂര്‍ത്തിയാക്കിയ ചിത്രം. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗാസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേശ് പിഷാരടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.