ജിയോ ബേബിയിലൂടെ മലയാള സിനിമ പുത്തൻ പ്രമേയങ്ങളുമായി വന്ന് കൃത്യമായ രാഷ്ട്രീയം സംസാരിക്കുകയാണെന്നും ശാരദക്കുട്ടി.
എങ്ങും ചർച്ചാ വിഷയം കാതൽ ദ കോർ എന്ന മലയാള സിനിമയാണ്. മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ വിജയഭേരി മുഴക്കി മുന്നേറുകയാണ്. ഇതുവരെ കാണാത്ത, അധികം ആരും ചെയ്തു കണ്ടിട്ടില്ലാത്ത കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ, ആ കഥാപാത്രത്തിന്റെയും ചുറ്റുമുള്ളവരുടെയും മാനസിക സംഘർഷാവസ്ഥ പ്രേക്ഷകരുടെ കണ്ണും മനവും നിറച്ചു. ഇപ്പോഴിതാ ചിത്രത്തിലെ മാത്യുവിന്റെ "എന്റെ ദൈവമേ" എന്ന നിലവിളി തന്റെയുള്ളിൽ കിടന്ന് നുറുങ്ങിപ്പിടയുന്നുണ്ടെന്ന് പറയുകയാണ് ശാരദക്കുട്ടി.
അടുത്ത കാലത്തായി മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പുകൾ എത്ര സൂക്ഷ്മവും ബുദ്ധിപൂർവ്വമായതും കാലോചിതവുമാണെന്ന് ശാരദക്കുട്ടി പറയുന്നു. ജിയോ ബേബിയിലൂടെ മലയാള സിനിമ പുത്തൻ പ്രമേയങ്ങളുമായി വന്ന് കൃത്യമായ രാഷ്ട്രീയം സംസാരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.
ശാരദക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ
"എന്റെ ദൈവമേ" എന്നൊരു നിലവിളി എന്റെയുള്ളിൽ കിടന്ന് നുറുങ്ങിപ്പിടയുന്നുണ്ട്. 'തോൽപിക്കാനാവില്ല നിങ്ങൾക്കെന്നെ' ടൈപ്പ് പുരുഷ കഥാപാത്രങ്ങളിലൂടെ, ചങ്കു വിരിച്ചു നിന്ന് അരനൂറ്റാണ്ടായി മലയാള സിനിമ നിറഞ്ഞാടിയ ഒരു നായകനടനവതരിപ്പിച്ച കഥാപാത്രമാണത്. തകർന്ന മുഖവും തളർന്നുടഞ്ഞ ശരീരഭാഷയും നിസ്സഹായതയും ...അടുത്ത കാലത്തായി മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പുകൾ എത്ര സൂക്ഷ്മവും ബുദ്ധിപൂർവ്വമായതും കാലോചിതവുമാണ്. 'ഞാനെന്തു തെറ്റു ചെയ്തു ' എന്ന നിലവിളി ഇയ്യോബിന്റെ പുസ്തകത്തിലെ വിലാപത്തെ ഓർമ്മിപ്പിക്കുന്നു. തന്റേതല്ലാത്ത തെറ്റുകൾക്ക് ആന്തരികമായി കഠിനശിക്ഷയേറ്റു വാങ്ങുന്ന നിസ്സഹായർ. നിറഞ്ഞ തീയേറ്ററിൽ തുടക്കം മുതൽ മുറ്റി നിന്ന കനം വീണ നിശ്ശബ്ദതയാണ് ഒരു കണക്കിൽ ചിത്രത്തിന്റെ വിജയം. സംഭാഷണങ്ങളോ കഥയോ അല്ല ഈ ചിത്രം. കുടുംബത്തിനകത്തെ നിശ്ശബ്ദതകൾക്കിത്ര സ്ഫോടനശേഷിയോ എന്ന് ഓർമ്മപ്പെടുത്തുന്ന എത്ര മുഹൂർത്തങ്ങൾ !! ജ്യോതിക, കോഴിക്കോട് സുധി , അനഘ, ചാച്ചനായി വന്ന നടൻ .... ആരും പെട്ടെന്നൊന്നും മനസ്സിൽ നിന്നിറങ്ങിപ്പോവില്ല. ജിയോ ബേബിയിലൂടെ മലയാളസിനിമ പുത്തൻ പ്രമേയങ്ങളുമായി വന്ന് കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്നു. മുൻപ് കെ. എസ്. സേതുമാധവന്റെ സിനിമകളാണ് ഇതു പോലെ മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മ രാഷ്ട്രീയത്തെ ഗൗരവമായി അവതരിപ്പിച്ചിട്ടുള്ളത്.
