വിനോദ് ഗുരുവായൂരാണ് ശരത് അപ്പാനിയെ നായകനാക്കി തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി യുവതാരം അപ്പാനി ശരത്ത് മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ശരത് അപ്പാനിയുടെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് ഇത്. അപ്പാനി ശരത്തിന്റെ വേറിട്ട ഒരു കഥാപാത്രമായിരിക്കും ഇത്. പ്രമുഖ സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് അപ്പാന ശരത് നായകനാകുന്നത്. സിനിമയിലെ ഫോട്ടോകള്‍ അപ്പാനി ശരത് തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഡോ. ജയറാമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

തമിഴിലും മലയാളത്തിലുമായി ഒട്ടേറെ പരുക്കന്‍ കഥാപാത്രങ്ങള്‍ ചെയ്‍തിട്ടുള്ള ശരത്തിന്‍റെ 'മാട' ആരെയും വിസ്മയിപ്പിക്കുന്ന മേക്കോവറിലുള്ളതാണ്. ചരിത്രപരവും സാമൂഹികവുമായി ഏറെ ഗൗരവമുളള പ്രമേയമാണ് ചിത്രത്തിന്‍റേത്. ജെല്ലിക്കെട്ട് കാളയുമായിട്ടുള്ള പരിശീലനം തന്‍റെ അഭിനയജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു. 'വന്യമൃഗങ്ങളെപ്പോലും നമുക്ക് പരിശീലിപ്പിച്ചെടുക്കാം. പക്ഷേ ജെല്ലിക്കെട്ട് കാളകള്‍ പേടിപ്പിക്കുന്നവയാണ്. അടുത്തേക്ക് ചെല്ലാന്‍ പോലും പേടിയാണ്. ജീവന്‍ പണയംവെച്ചാണ് ഞാന്‍ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്. പരിശീലകൻഉണ്ടെങ്കിലും ഞാന്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്. ഭായനാകമായ ഭാവം അതിനാലാണ് ജെല്ലിക്കെട്ട് കാളയെ എല്ലാവരും ഭയക്കുന്നത്. എനിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ ഞാന്‍ ചെയ്യും. അത്രയ്ക്കും ആത്മവിശ്വാസമുണ്ടെന്നും ശരത്ത് പറഞ്ഞു.

മലയാളത്തിലും തമിഴിലും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്‍ത അപ്പാനി ശരത്തിന് തമിഴിലും വലിയ സ്വീകാര്യതയുണ്ട്. പേരിടാത്ത ഈ തമിഴ് ചിത്രത്തിന്‍റെ ചിത്രീകരണം മെയ് ആദ്യവാരം തുടങ്ങുമെന്നാണ് സൂചന.

പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയ ഡയറക്ടര്‍ ഡോ.ജയറാമിന്‍റേതാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം. ചിത്രം നിര്‍മ്മിക്കുന്നതും ജയറാം തന്നെയാണ്.