ശരത് അപ്പാനിയാണ് ചിത്രത്തില്‍ മധുവായി അഭിനയിക്കുന്നത്.
മധുവിന്റെ (Attappadi Madhu) ജീവിതം പ്രമേയമാകുന്ന സിനിമയാണ് 'ആദിവാസി'. ശരത് അപ്പാനിയാണ് ചിത്രത്തില്‍ മധുവായി അഭിനയിച്ചിരിക്കുന്നത്. ആദിവാസി ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിജീഷ് മണി സംവിധാനം ചെയ്യുന്ന ആദിവാസിയിലെ ഒരു ഗാനം (Aadhivaasi Song) പുറത്തുവിട്ടിരിക്കുകയാണ്.
'ചിന്ന രാജ' എന്ന തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു സങ്കട താരാട്ട് പോലെയാണ് ചിത്രത്തിലെ ഗാനം. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ഡോ. സോഹൻ റോയ്‍യാണ് ചിത്രം നിര്‍മിക്കുന്നത്. ഏരീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ ഹൗസ് അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷയാണ്.
അപ്പാനി ശരത്തിനോടൊപ്പം ചിത്രത്തില്‍ ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. വിജീഷ് മണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. പി മുരുകേശാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ. സംഭാഷണം- ഗാനരചന: ചന്ദ്രൻ മാരി,ലൈൻ പ്രൊഡ്യൂസർ : വിയാൻ , ആർട്ട് : കൈലാഷ്, മേക്കപ്പ് :ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റും : ബിസി ബേബി ജോൺ, സ്റ്റിൽസ് : രാമദാസ് മാത്തൂർ, മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്. മധുവിന്റെ നാലാം ചരമവാർഷികദിനത്തിൽ പുറത്തുവിട്ട ഗാനം വലിയ രീതിയിലാണ് സ്വീകരിക്കപ്പെടുന്നത്.
Read More : മധുവിന്റെ കൊലപാതകത്തിന് നാലാണ്ട്; നീതി കാത്ത് കുടുംബം;സാക്ഷികളുടെ കൂറുമാറ്റം വെല്ലുവിളി
മധുവിനെ 2018 ഫെബ്രുവരി 22 ന് ഉച്ചയോടെ ആള്‍ക്കൂട്ടം കാട്ടില്‍ കയറി പിടിച്ച് മുക്കാലിവരെ വിചാരണ ചെയ്‍ത് കൊലപ്പെടുത്തിയത് കേരളത്തെ നടുക്കിയ സംഭവമായിരുന്നു. വിശപ്പടക്കാന്‍ ഭക്ഷണം മോഷ്‍ടിച്ചു എന്ന കുറ്റത്തിന് മുക്കാലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരുമടങ്ങുന്ന പതിനാറംഗ സംഘമാണ് കെ മധുവിനെ വിചാരണ ചെയ്‍ത് കൊന്നതെന്നാണ് കേസ്. നീതിക്കായി മധുവിന്‍റെ കുടുംബത്തിന്‍റെ പിന്നീടുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. നീതിക്കായുള്ള കാത്തിനിരിപ്പിനിടെ അനുഭവിക്കേണ്ടിവന്നത് ഭീഷണയും ഒറ്റപ്പെടുത്തലുമെന്ന് മധുവിന്‍റെ സഹോദരി സരസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഊരില്‍ നിന്നടക്കം ഒറ്റപ്പെടുത്തിയതിന്‍റെ വേദന മധുവിന്‍റെ സഹോദരിയുടെ വാക്കുകളിലുണ്ട്. ഇപ്പോഴും ചോദിക്കാനും പറയാനും ആരുമില്ലാത്തവരെന്ന് മധുവിന്‍റെ അമ്മ പേടിയോടെ പറയുന്നു. സാക്ഷികളിൽ ചിലർ കൂറുമാറിയാലും കേസ് ജയിക്കാനുള്ള തെളിവുകള്‍ വേറെയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അട്ടപ്പാടി മധുകൊലക്കേസിൽ ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് മധുവിന്‍റെ കേസിന് ജീവന്‍ വച്ചത്. എല്ലാ ആഴ്ചയും കേസ് പരിഗണിക്കാനാണ് മണ്ണാര്‍കാട് കോടതി തീരുമാനം. പ്രതികളുമായി അടുത്ത ബന്ധമുള്ളതിനാൽ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത പ്രോസിക്യൂഷനും തള്ളുന്നില്ല. എന്നാല്‍ അതിനെ മറികടക്കാനാവുമെന്നാണ് ആത്മവിശ്വാസം.
പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. നാലുവർഷമായിട്ടും മധുകേസിൽ വിചാരണ നടപടികൾ പൂർത്തിയാവാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.
രണ്ട് കൊല്ലം മുമ്പ് സർക്കാർ ചുമതലയേൽപ്പിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. മധു കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് വിവരം മാധ്യമങ്ങളിലടക്കം ചർച്ചയായത്. മണ്ണാര്‍ക്കാട് കോടതിയിൽ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്നതോടെയാണ് കോടതിക്ക് ചോദ്യം ഉന്നയിച്ചത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രഘുനാഥ്.
