ശരത്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു (The Smile Man).
തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ശരത്‍കുമാര്‍. നായകനായും വില്ലനായുമെല്ലാം മികവ് കാട്ടിയ ശരത്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ദ സ്‍മൈല്‍ മാൻ'. ശ്യാം പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ദ സ്‍മൈല്‍ മാൻ' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു (The Smile Man).
ശരത്‍കുമാറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. 'ദ സ്‍മൈല്‍ മാന്റെ' ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീ ശരവണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാൻ ലോകേഷാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
സലില്‍ ദാസാണ് ചിത്രം നിര്‍മിക്കുന്നത്. ദീപ സലിലാണ് കോ പ്രൊഡ്യൂസര്‍. മാഗ്‍നം മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മുഗേഷ് ശര്‍മാണ് പ്രൊഡക്ഷൻ മാനേജര്‍.
തിരക്കഥയും സംഭാഷണവും ആനന്ദാണ് എഴുതുന്നത്. സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്. ശരത്‍കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗവാസ്‍കര്‍ അവിനാശാണ് നിര്‍വഹിക്കുന്നത്. ആര്‍ട്ട് ജയ്‍കാന്ത്. കോസ്റ്റ്യൂം എം മുഹമ്മദ് സുബൈര്‍. മേയ്‍ക്കപ്പ് വിനോദ് സുകുമാരൻ. നടി ഇനിയയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ശരത്‍കുമാര്‍ നായകനാകുന്ന ചിത്രമായി 'സമരനും' പ്രഖ്യാപിച്ചിരുന്നു. ശരത്‍കുമാറിന്റെ 'സമരൻ' എന്ന ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുഹാസിനി തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. തിരുമല ബല്ലുച്ചാമിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശരത്‍കുമാറിന്റെ 'സമരൻ' എന്ന ചിത്രത്തിന്റെ ഭാഗമാകാൻ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു സുഹാസിനി പറഞ്ഞത്. റോഷ്‍കുമാര്‍ ആണ് 'സമരനെ'ന്ന ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ ശരത്‍കുമാര്‍ ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട്. മമ്മൂട്ടി നായകനായ ചിത്രം 'പഴശ്ശിരാജ'യിലൂടെയാണ് ശരത്‍കുമാര്‍ മലയാളത്തിലെത്തിയത്. 'എടച്ചേന കുങ്കൻ' എന്ന കഥാപാത്രമായിരുന്നു ശരത്‍കുമാറിന്. 'ഒരിടത്തൊരു പോസ്റ്റ്‍മാൻ' എന്ന ചിത്രത്തിലും ശരത്‍കുമാര്‍ മലയാളത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായി എത്തി.
നടൻ മാത്രമല്ല ശരത്‍കുമാര്‍ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. 'കണ്‍ സിമിട്ടും നേര'മായിരുന്നു ആദ്യം നിര്‍മിച്ച ചിത്രം. 'തലൈമഗൻ' എന്ന ചിത്രം നിര്‍മിച്ച് സംവിധാനവും ചെയ്‍തു. 'സണ്ടമാരുതം' എന്ന ചിത്രത്തിന്റെ രചയിതാവും ശരത്‍കുമാറായിരുന്നു. 'ഇതു എന്ന മായം' എന്ന ചിത്രമാണ് ശരത്‍കുമാറിന്റെ നിര്‍മാണത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയത്. ധനുഷ് നായകനായ 'മാരി' എന്ന ഹിറ്റ് ചിത്രവും ശരത്‍കുമാര്‍ നിര്‍മിച്ചതാണ്. 'സണ്ടമാരുതം' അടക്കമുള്ള ചിത്രങ്ങളില്‍ ശരത്‍കുമാര്‍ ഗായകനുമായി.
കലൈമണി പുരസ്‍കാരടക്കം ശരത്‍കുമാറിന് ലഭിച്ചിട്ടുണ്ട്. മികച്ച നടനുള്ള അവാര്‍ഡ് രണ്ട് തവണയാണ് ശരത്‍കുമാര്‍ തമിഴ്‍നാട് സര്‍ക്കാരില്‍ നിന്ന് ഏറ്റുവാങ്ങിയത്. നടികര്‍ സംഘത്തിന്റെ പ്രസിഡന്റുമായിട്ടുണ്ട് ശരത്‍കുമാര്‍.
രാഷ്‍ട്രീയത്തിലും വളരെ സജീവമായിരുന്നു ശരത്‍കുമാര്‍. ഡിഎംകെയിലൂടെയായിരുന്നു ശരത്‍കുമാര്‍ സജീവ രാഷ്‍ട്രിയത്തിലേക്ക് എത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഡിഎംകെ ശരത്‍കുമാറിന് രാജ്യസഭാ സീറ്റ് നല്‍കി.രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച ശരത്‌കുമാര്‍ പിന്നീട് എഡിഎംകെയില്‍ ചേര്‍ന്നു. എന്നാല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കണ്ടെത്തലില്‍ എഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എഐഎസ്‍എംകെ എന്ന രാഷ്‍ട്രീയപാര്‍ട്ടി രൂപീകരിച്ച ശരത്‍കുമാര്‍ തെങ്കാശി മണ്ഡലത്തില്‍ നിന്ന് തമിഴ്‍നാട് നിയമസഭയിലെത്തിയിരുന്നു. 2016 തെരഞ്ഞെടുപ്പില്‍ ശരത്‍കുമാര്‍ പരാജയപ്പെടുകയും ചെയ്‍തു. ശരത്‍കുമാര്‍ ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകുകയാണ്.
Read More : മമ്മൂട്ടിയുടെ 'ഏജന്റ്', പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
