Asianet News MalayalamAsianet News Malayalam

'ഈ ഏണിപ്പടി ഞാൻ കയറുമെന്ന് തോന്നുന്നില്ല', നായകവേഷം മധുവിന് കൈമാറിയ സത്യൻ

മലയാളത്തിന്റെ മഹാ നടൻ സത്യന്റെ ഓര്‍മകളുമായി മകൻ സതീഷ് സത്യൻ.
 

Satheesh Sathyan remember father
Author
Kochi, First Published Jun 15, 2021, 9:15 AM IST

ജീവിതത്തിൽ അധ്യാപകനായും പട്ടാളക്കാരനായും പൊലീസുകാരനായും അഭിനേതാവായും നിറഞ്ഞാടി സത്യൻ. മലയാളക്കര നെഞ്ചേറ്റിയ മഹാനടനെ  മക്കൾ ഓര്‍മിക്കുന്നത് സ്‍നേഹനിധിയായ പിതാവ് എന്ന വിശേഷണത്തോടെയാണ്.  ജീവിതത്തിലും അഭിനയത്തിലും  കൃത്യനിഷ്‍ഠയിൽ വിട്ടുവീഴ്‍ച വരുത്തിയിരുന്നില്ല സത്യൻ.  കര്‍ക്കശ്ശക്കാരനെന്ന് ആദരവോടെ  എല്ലാവരും പറയുമ്പോഴും  ജീവിതത്തിൽ സ്‌‍നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യനായിരുന്നു അദ്ദേഹമെന്ന് മകനും നടനുമായ സതീഷ് സത്യന്‍ പറയുന്നു. മക്കളുടെ കാര്യങ്ങളിലും വിട്ടുവീഴ്‍ച വരുത്തിയില്ല സത്യൻ എന്ന അച്ഛൻ. സത്യന്റെ ഓര്‍മ്മകള്‍ അമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ ഓര്‍മകള്‍ പങ്കുവയ്‍ക്കുകയാണ് സതീഷ് സത്യൻ. Satheesh Sathyan remember father

'മൈ സ്വീറ്റ്‌ സൺ' കത്തുകൾ എഴുതുന്ന അച്ഛൻ

എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്ന വൃക്തിയായിരുന്നു അച്ഛൻ. ഞങ്ങൾ മക്കളെയും അദ്ദേഹം ആ രീതിയിലാണ് വളർത്തിയത്. ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാൽ ഞങ്ങൾക്ക് ആഘോഷമാണ്. ഞങ്ങൾക്കൊപ്പം കളിക്കാനും രസിക്കാനും എല്ലാം അദ്ദേഹം സമയം കണ്ടെത്തി. പുറത്ത് ഞങ്ങളെയും കൊണ്ടുപോവുമായിരുന്നു, പപ്പ ഷൂട്ടിന് പോവുന്ന സമയത്ത് ലാൻഡ്‌ ഫോൺ ഉണ്ടായിരുന്നെങ്കിലും എസ്‌ടിഡി വിളിക്കാൻ പറ്റില്ലായിരുന്നു.  ആ സമയത്ത് ഞങ്ങൾ കത്തുകളാണ് എഴുതാറുള്ളത്. . ഇംഗ്ലീഷ്‌ മീഡിയത്തിൽ പഠിക്കുന്ന കുട്ടികളല്ലേ. കത്ത്‌ ഇംഗ്ലീഷിൽ എഴുതിയാൽ മതിയെന്ന്‌ പപ്പ പറഞ്ഞിട്ടുണ്ട്‌. ഇംഗ്ലീഷിൽ എഴുതുമ്പോൾ തന്നെ വ്യാകരണത്തിലൊക്കെ കുഴപ്പങ്ങളുണ്ടെങ്കിൽ തിരിച്ചുള്ള മറുപടി കത്തുകളിൽ പപ്പ അത് എഴുതും. മനോഹരമായ കൈ അക്ഷരമാണ് പപ്പയുടെത്. മൈ സ്വീറ്റ്‌ സൺ എന്നാണ്‌  കത്തിലെ സംബോധന. അവസാനം യുവേർസ്‌ അഫക്ഷനേറ്റ്‌ലി എന്നതിന്‌ അഫ്‌ലി എന്നേ എഴുതൂ. താഴെ ഒപ്പും. ആ കത്തുകൾ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌. മക്കളുടെ വിദ്യാഭ്യാസത്തിലും വളർച്ചയുടെ കാര്യത്തിലും എല്ലാം ഇടപ്പെട്ടിരുന്ന മികച്ച ഒരു കുടുംബനാഥൻ തന്നെയായിരുന്നു പപ്പ. വീട്ടിലുണ്ടെങ്കിൽ മിക്ക ദിവസങ്ങളിലും ഞങ്ങളെ പുറത്തൊക്കെ കൊണ്ടുപോകുമായിരുന്നു. മ്യൂസിയത്തിലും ബീച്ചിലുമൊക്കെയാണ്‌ പോകാറുള്ളത്‌.

ഷൂട്ടിംഗ് കാര്യത്തിലെ കൃത്യനിഷ്‌ഠ

രാവിലെ ഏഴ് മണിക്കാണ് ഷൂട്ടിംഗ് എങ്ങിൽ 6:30തിന് തന്നെ ലൊക്കേഷനിൽ എത്തുന്നയാളാണ് പപ്പ. ഇന്നും ലൊക്കേഷനുകളിൽ പപ്പയുടെ
കൃത്യനിഷ്‌ഠയുടെ കാര്യത്തെ പറ്റി പലരും പറയാറുണ്ട്. താൻ കാരണം ആരും കാത്തിരിക്കരുതെന്ന് അദ്ദേഹത്തിന് നിർബദ്ധം ഉണ്ടായിരുന്നു. 'വാഴ്‌വേ മായ’ത്തിലെ അഭിനയത്തിന്‌ കൊല്ലത്തെ ഒരുസംഘടന മികച്ച നടനുള്ള പുരസ്‌കാരം പപ്പായ്ക്കാണ് പ്രഖ്യാപിച്ചത്. അടൂർ ഭാസിക്കായിരുന്നു ഹാസ്യതാരത്തിനുള്ള അവാർഡ്‌. ഭാസി സാറും ഞാനും ഒരുമിച്ചാണ്‌ പോയത്‌. യാത്രയിലുടനീളം പപ്പയെ കുറിച്ചായിരുന്നു സംസാരം. ആ യാത്രയിൽ രസകരമായ ഒരു സംഭവ കഥ അദ്ദേഹം പറഞ്ഞു.
‌ഒരേ ദിവസം രണ്ടു പടത്തിന്‌ കാൾഷീറ്റ്‌ കൊടുക്കുമായിരുന്നു അടൂർ ഭാസി. എന്നിട്ട്‌ മൂന്നാമതൊരു പടത്തിൽ അഭിനയിക്കും. നസീർ സാറ്‌, ഷീല, ശാരദ ഇവരൊക്കെയുള്ള പടത്തിന്റെ ക്ലൈമാക്‌സ്‌ ഷൂട്ട്‌. അടൂർ ഭാസി മാത്രം ഇല്ല.  ഭരണി സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിലായിരുന്നു അടൂർ ഭാസി.  സ്റ്റുഡിയോയിൽ‌ വിളിച്ച്‌ അടൂർ ഭാസിയെ ലൈനിൽ വേണമെന്ന്‌ പപ്പ ആവശ്യപ്പെട്ടു. ഫോൺ എടുത്തപ്പോൾ അപ്പുറത്തുനിന്ന്‌ പ്‌ഫാ... താനാർക്കെങ്കിലും ഇന്ന്‌ കാൾ ഷീറ്റ്‌ കൊടുത്തിട്ടുണ്ടോ എന്ന ചോദ്യം. സാർ കൊടുത്തിട്ടുണ്ട്‌. പത്തുമിനിറ്റിനകം ഇവിടെ എത്തിയിരിക്കണം എന്ന് പപ്പയുടെ ഓർഡർ.  ഫോൺ വച്ചിട്ട്‌ അവിടുത്തെ സംവിധായകനോടോ നിർമാതാവിനോടോ പറയാതെ  അടൂർ ഭാസി ടാക്‌സിയിൽ നേരെ ഷൂട്ടിംഗ് സ്ഥലത്തേക്ക്‌. മേയ്‌ക്കപ്പൊന്നും മായ്‌ച്ചിരുന്നില്ല. അവിടെ ചെന്ന്‌ കൈകൂപ്പി നിൽക്കണോ 
ഓച്ഛാനിച്ച് നിൽക്കണോ എന്നറിയാതെ വിഷമിച്ച്‌ പേടിച്ച്‌ നിൽക്കുകയാണ്‌. പ്രൊഡ്യൂസർമാർ കടം മേടിച്ചും പലിശയ്‌ക്ക്‌ വാങ്ങിച്ചുമൊക്കെയാണ്‌ പടം പിടിക്കുന്നത്‌.  പടം സമയത്തിന്‌ തീർത്തില്ലെങ്കിൽ ഒരു ദിവസം അവർക്ക്‌ എത്ര രൂപയുടെ നഷ്‍ടമാണെന്ന്‌ തനിക്ക്‌ വല്ലോം അറിയോ.’ മേലാൽ ഇതാവർത്തിക്കരുതെന്ന് പപ്പ പറഞ്ഞു. അതിനുശേഷം സത്യൻപടത്തിന്റെ കാൾ ഷീറ്റുണ്ടെങ്കിൽ ഒമ്പതുമണിക്കാണ്‌ ഷൂട്ടിങ്ങെങ്കിൽ ഞാൻ എട്ടുമണിക്കേ അവിടെ പോയിരിക്കുമെന്ന്  അടൂർ ഭാസി പറഞ്ഞു.Satheesh Sathyan remember father

നസീർ- സത്യൻ സൗഹൃദം

വലിയ കൂട്ടായിരുന്നു പപ്പയും നസീർ സാറും. ഞങ്ങളുടെ കുടുംബവുമായി നല്ല ബന്ധമാണ് അദ്ദേഹത്തിന് ഉള്ളത്.  പ്രേംനസീറും  പപ്പിയും ആദ്യമായി അഭിനയിക്കുന്നത്‌ ത്യാഗസീമ എന്ന ചിത്രത്തിലാണ്‌. കെ  ബാലകൃഷ്‌ണനായിരുന്നു തിരക്കഥയും സംവിധാനവും. നടൻ രവികുമാറിന്റെ അച്ഛനായ കെ എം കെ മേനോനായിരുന്നു നിർമാതാവ്‌. പക്ഷേ ചിത്രം പൂർത്തിയായില്ല. ഷൂട്ടിംഗ് തുടങ്ങിയപ്പോൾ ആരോ സ്റ്റുഡിയോയ്‌ക്ക്‌ തീയിട്ടു.  അനുഭവങ്ങൾ പാളിച്ചകളിലെ ആ ചെല്ലപ്പനും ഗോപാലനും എല്ലാവരുടെയും പ്രിയപ്പെട്ട കഥാപാത്രമാണ്. പപ്പയ്ക്ക് ഒരു അപകടം ഉണ്ടായപ്പോൾ ആദ്യം വീട്ടിലെത്തിയത് നസീർ സാറാണ്. മോനേ പപ്പയ്ക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചാണ് വീട്ടിലേയ്ക്ക് കയറി വന്നത്. മണിക്കൂറോളം അന്ന് പപ്പയ്ക്ക് ഒപ്പം ഇരുന്നിട്ടാണ് പോയത്. പപ്പ മരിച്ച സമയവും എല്ലാ കാര്യങ്ങൾക്കും മുൻ പന്തിയിൽ നടത്തി തന്നത് നസീർ സാറാണ്. അദ്ദേഹത്തിന്റെ മകന്റെ വിവാഹം ഞങ്ങളെ വിളിച്ചിട്ടുണ്ടായിരുന്നു. സിനിമയ്ക്ക് അപ്പുറം സൗഹൃദമായിരുന്നു അവർ ഇരുവരും. സിനിമയായിരുന്നു എന്നും അവർക്ക് വലുത്.  ഒരിക്കൽ ശാരദാമ്മ പറയുകയായിരുന്നു നിന്റെ പപ്പയുള്ളപ്പോൾ മലയാള സിനിമയിൽ ഒരു കാരണവരുണ്ടായിരുന്നുവെന്ന്‌. എല്ലാ ആർട്ടിസ്റ്റുകൾക്കും. പ്രത്യേകിച്ച്‌  സ്‌ത്രീകൾക്ക്‌. ഒരുതരത്തിലും ഭയപ്പെടണ്ട. സത്യൻ സാറ്‌ അടുത്ത്‌ എവിടെയെങ്കിലും ഉണ്ടെങ്കിൽ നമ്മളെ വേണ്ടാതെ ഒന്നുനോക്കാൻകൂടി ആരും ധൈര്യപ്പെടില്ല. അക്കാര്യത്തിൽ പഴയ ഇൻസ്‌പെക്ടർ തന്നെ.

സിനിമയിലെ പപ്പ

ഒരു പെണ്ണിന്റെ കഥ, അനുഭവങ്ങൾ പാളിച്ചകൾ, കരകാണാക്കടൽ തുടങ്ങിയവയാണ്‌ പപ്പ അഭിനയിച്ച സിനിമകളിൽ ഏറെ ഇഷ്‍ടം. നിങ്ങൾ തന്നെ നോക്കൂ , പല തരത്തിലുള്ള വേഷങ്ങൾ കഥാപാത്രങ്ങൾ എല്ലാം ചെയ്‍ത ആളാണ് പപ്പ, ഇന്നത്തെ പല താരങ്ങളും പപ്പ ചെയ്‍ത  പോലുള്ള വേഷങ്ങൾ ഒരിക്കലും ചെയ്യില്ല. ഏത് വേഷവും അനായാസം ചെയ്യുന്ന ആളാണ് പപ്പ. അഭിനയത്തോളുള്ള തീഷ്ണത എന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇന്നത്തെ പോലെ കുറെ താരങ്ങൾക്ക് ചുറ്റും നടക്കുന്ന ഫാൻസുകാര്‍ അന്നില്ല. ജനമനസിലാണ് സത്യൻ ജീവിച്ചത്. ഒരു കുടുംബം പോലെയായിരുന്നു അന്നത്തെ മലയാള സിനിമ. അതിൽ സ്‍നേഹവും സൗഹൃദവും എല്ലാം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് എല്ലാം നഷ്‍പ്പെട്ടിരിക്കുന്നു. ഒന്നിനൊന്ന് മികച്ച പടങ്ങളാണ് പപ്പ അഭിനയിച്ചത്. എല്ലാ പടത്തിന്റെയും തിരക്കഥ പപ്പ വായിക്കുമായിരുന്നു. തനിക്ക് ചേരാത്ത വേഷമാണെങ്കിൽ അത് തുറന്ന് പറഞ്ഞ് ആ വേഷത്തിന് യോഗ്യനായ ആളെ പപ്പ കണ്ടെത്തി കൊടുക്കുമായിരുന്നു, ഏണിപ്പടികൾ സിനിമയുടെ കഥയും ആയി വന്നപ്പോൾ പപ്പ പറഞ്ഞത് ഈ ഏണിപ്പടി ഞാൻ കയറുമെന്ന് തോന്നുന്നില്ല, നിങ്ങൾ മധുവിന് കൊടുക്കൂ എന്നാണ് പറഞ്ഞത്. എല്ലാം വേഷവും തനിക്ക് വേണം എന്ന് വാശിപ്പിടിച്ച ആളല്ലായിരുന്നു പപ്പ. സിനിമയെ സ്‍നേഹിച്ച എല്ലാവരെയും സ്നേഹത്തിലൂടെ കരുതിയിരുന്ന ആളായിരുന്നു അദ്ദേഹം.

വേണ്ടത്ര അംഗീകാരങ്ങൾ ലഭിച്ചിട്ടില്ല

മലയാള സിനിമയില്‍ ഏറ്റവും അധികം വാഴ്ത്തപ്പെട്ടിട്ടുള്ള കലാകാരനാണ് പപ്പ. എന്നാൽ വേണ്ടത്ര പരിഗണന അദ്ദേഹത്തിന് കിട്ടിയിട്ടില്ല. സർക്കാർ ആദ്യ കാലത്ത്  മികച്ച നടനുള്ള അവാർഡ് കൊടുത്തിരുന്നത് സത്യൻ അവാർഡ് എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പേരിലായിരുന്നു. എന്നാൽ പിന്നീട് അത് എടുത്ത് കളഞ്ഞു. സത്യന്റെ ഓര്‍മ്മകള്‍ അമ്പത് വര്‍ഷം പിന്നിടുമ്പോഴും വേണ്ടത്ര അംഗീകാരങ്ങൾ ഇനിയും ലഭിച്ചിട്ടില്ലാ, സത്യൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പപ്പയുടെ ജന്മദിനാഘോഷവും അനുസ്‌മരണവും സംഘടിപ്പിക്കാറുണ്ട്‌.Satheesh Sathyan remember father

സോറി ഐഡോണ്ട്‌ സ്‌മോക്ക്‌, താങ്ക്യു

സിനിമയിലെ വലിയ താരമായിരുന്നെങ്കിലും പപ്പ  ഒരിക്കൽപ്പോലും മദ്യപിച്ചോ സിഗരറ്റ്‌ വലിച്ചോ കണ്ടിട്ടില്ല. പലയിടത്തും പോകുമ്പോഴൊക്കെ അദ്ദേഹത്തിന്‌ പലരും സിഗരറ്റ്‌ ഓഫർ ചെയ്യും. അപ്പോൾ പപ്പ കൂളായി പറയും ‘സോറി ഐഡോണ്ട്‌ സ്‌മോക്ക്‌, താങ്ക്യു.’ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് പക്ഷെ അത് ആരും അറിയരുതെന്ന് നിർബദ്ധമുണ്ടായിരുന്നു, മദ്യപാനം ഒരിക്കലും നല്ല ശീലമല്ലെന്നും  ഒരിക്കലും മദ്യപാനി ആകരുതെന്നും പപ്പ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.
സ്വാഭാവിക അഭിനയം  മലയാളസിനിമയിൽ കൊണ്ടുവന്നത്‌ പപ്പയാണെന്ന് പറയാം. ഇന്നും നിരവധി ചെറുപ്പക്കാർ പപ്പയുടെ സിനിമകളെ പറ്റി പഠിക്കുന്നത് കാണാം. 

Follow Us:
Download App:
  • android
  • ios