ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു
തെന്നിന്ത്യയിലെ പ്രശസ്‍ത സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ (Santhosh Narayanan) ആദ്യമായി മലയാളത്തിലേക്ക്. വിനയന്‍ (Vinayan) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രം 'പത്തൊമ്പതാം നൂറ്റാണ്ടി'ലൂടെയാണ് (Pathonpathaam Noottandu) സന്തോഷ് നാരായണന്‍ മലയാളത്തില്‍ എത്തുന്നത്. എന്നാല്‍ പാട്ടുകളല്ല, പശ്ചാത്തല സംഗീതമാണ് അദ്ദേഹം ഒരുക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. സന്തോഷ് നാരായണന്‍റെ മലയാളം അരങ്ങേറ്റം പ്രഖ്യാപിച്ചുകൊണ്ട് വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ...
വിനയന്‍റെ കുറിപ്പ്
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഏറെ പ്രിയങ്കരനായ എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേർന്നൊരുക്കിയ മനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിന്‍റെ മാറ്റു കൂട്ടുന്നതാണ്. ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത അറിയിക്കുന്നു. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞൻ സന്തോഷ് നാരായണൻ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ബാക്ഗ്രൗണ്ട് സ്കോറിംഗ് ചെയ്യുന്നു. സന്തോഷ് നാരായണൻ മലയാളത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണിത്. ബാഹുബലി പോലുള്ള പ്രശസ്തമായ ചിത്രങ്ങൾ ചെയ്ത സതീഷ് ആണ് സൗണ്ട് ഇഫക്ട്സ് ചെയ്യുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ റിലീസോടെ സിജു വിൽസൺ എന്ന യുവനടൻ മലയാളസിനിമയുടെ മൂല്യവത്താർന്ന താര പദവിയിലേക്ക് ഉയരും എന്ന് എന്‍റെ എളിയ മനസ്സ് പറയുന്നു. എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥന ഉണ്ടാകുമല്ലോ...
പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊമ്പതാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന സിനിമയുടെ കഥാപരിസരം തിരുവിതാംകൂര്‍ ആണ്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥാപാത്രമാണ് സി ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
