Asianet News MalayalamAsianet News Malayalam

'അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി'; 'ഹെലനെ' അഭിനന്ദിച്ച് സത്യന്‍ അന്തിക്കാട്

  • ഹെലന്‍ സിനിമയെ അഭിനന്ദിച്ച് സത്യന്‍ അന്തിക്കാട്.
  • അന്ന ബെന്നിന്‍റെ അഭിനയം തന്നെ കീഴ്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Sathyan Anthikad appreciated helen film
Author
Thiruvananthapuram, First Published Nov 21, 2019, 3:09 PM IST

തിരുവനന്തപുരം: മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത് അന്ന ബെന്‍ മുഖ്യകഥാപാത്രമായെത്തിയ 'ഹെലന്‍' തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. 'ഹെലന്‍' കണ്ട ശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തെക്കുറിച്ചെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അന്നയുടെ അഭിനയം തന്നെ കീഴ്‍പ്പെടുത്തിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച കുറിപ്പിന് താഴെ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ വിനീത് ശ്രീനിവാസനും മാത്തുക്കുട്ടി സേവ്യറും നന്ദി അറിയിച്ച് കമന്‍റ് ചെയ്തു. 

സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ആഹ്ലാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.

'ഹെലൻ' എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്‌പ്പെടുത്തി കഴിഞ്ഞിരുന്നു.

അന്ന ബെൻ..

ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയസിദ്ധിയുണ്ടെന്ന്. 'കുമ്പളങ്ങി നൈറ്റ്സ്' കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.

ഹെലനിൽ അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക് !

ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു.
ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും.

വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനും മറ്റെല്ലാ അണിയറ പ്രവത്തകർക്കും അഭിനന്ദനങ്ങൾ.

Follow Us:
Download App:
  • android
  • ios