ഇടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദര്‍ശനം ആരംഭിച്ചു.
മലയാള സിനിമാപ്രേമികളില്‍ വലിയ കാത്തിരിപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു കളങ്കാവല്‍. ഇടവേളയ്ക്ക് ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം. മമ്മൂട്ടി പ്രതിനായകനാണെന്ന ഔദ്യോഗിക പ്രഖ്യാപനം ലോഞ്ച് വേദിയിലാണ് എത്തിയതെങ്കിലും പ്രേക്ഷകര്‍ അതും പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രമായി വിനായകനെ കാണാന്‍ പോകുന്നതിലുള്ള കൗതുകവും പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. വലിയ കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങളോടെയാണ് കളങ്കാവല്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ ചിത്രം കണ്ടവരുടേതായി എത്തുന്നുണ്ട്. അക്കൂട്ടത്തില്‍ സജിന്‍ ബാബു എഴുതിയ ചെറു കുറിപ്പും ശ്രദ്ധ നേടുകയാണ്.
“ഒരേ താളത്തിൽ സഞ്ചരിക്കുന്ന കളങ്കാവലിന്റെ കഥയിൽ ഇന്റർവെൽ പഞ്ചും ക്ലൈമാക്സും ഗംഭീരമായപ്പോൾ എട്ട് മാസത്തിന് ശേഷമുള്ള മമ്മൂക്കയുടെ തിരിച്ചുവരവ് അതിലും മനോഹരമായി. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ”, സജിന്‍ ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ജിതിന്‍ കെ ജോസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കിയത് ജിതിന്‍ ആയിരുന്നു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തിയിരിക്കുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ഉള്ളത്. അഡ്വാന്‍സ് ബുക്കിംഗില്‍ മികച്ച സംഖ്യ നേടിയ ചിത്രത്തിന്‍റെ ഓപണിംഗ്, ആദ്യ വാരാന്ത്യ കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം ഫൈസൽ അലി, സംഗീതം മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ഫൈനൽ മിക്സ് എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോസ്, മേക്കപ്പ് അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം അഭിജിത്ത് സി, വരികൾ വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, സംഘട്ടനം ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഡിനേറ്റർ ഡിക്സൻ പി ജോ, വിഎഫ്എക്സ് വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് സപ്ത റെക്കോർഡ്സ്, സ്റ്റിൽസ് നിദാദ്, ടൈറ്റിൽ ഡിസൈൻ ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ് ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.



