Asianet News MalayalamAsianet News Malayalam

പുതിയ സിനിമ പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാട്; ജയറാമിന്‍റെ നായികയായി മീര ജാസ്‍മിന്‍

'ഞാന്‍ പ്രകാശനു'ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആ പ്രോജക്റ്റ് മാറ്റിവെക്കേണ്ടിവന്നു.

sathyan anthikad to do new movie with jayaram and meera jasmine in lead roles
Author
Thiruvananthapuram, First Published Apr 13, 2021, 5:12 PM IST

'ഞാന്‍ പ്രകാശനു' ശേഷം താന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ സിനിമ പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാട്. ജയറാം നായകനാവുന്ന ചിത്രത്തില്‍ മീര ജാസ്‍മിന്‍ ആണു നായിക. 2010ല്‍ പുറത്തിറങ്ങിയ 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ല്‍ പുറത്തിറങ്ങിയ 'ഇന്നത്തെ ചിന്താവിഷയ'മാണ് മീര ജാസ്‍മിന്‍ അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ് രചന.

സിനിമ പ്രഖ്യാപിച്ചുകൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്

"ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു - "ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്." എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതുവരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല. ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു - "ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്." അമ്പരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു. ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്. 

ഇതാ - ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു. ജയറാമാണ് നായകൻ. മീര ജാസ്മിൻ നായികയാകുന്നു. ഒപ്പം 'ഞാൻ പ്രകാശനിൽ' ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയ് എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്‍റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. 'ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്‍റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ "ആരാധികേ" എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്. പ്രശാന്ത് മാധവ് കലാസംവിധാനവും  സമീറ സനീഷ് വസ്ത്രലങ്കാരവും നിർവ്വഹിക്കും. 'ഞാൻ പ്രകാശനിലേത്' പോലെ ഈ ചിത്രത്തിലും ശബ്ദം ലൈവായാണ് റെക്കോർഡ് ചെയ്യുന്നത്. അനിൽ രാധാകൃഷ്ണനാണ് ശബ്ദ സംവിധാനം. ബിജു തോമസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. മോമി, പാണ്ഡ്യൻ, സേതു, ശശി തുടങ്ങിയ എല്ലാ കൂട്ടുകാരും ഈ സിനിമയിലും ഉണ്ടാകും. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കോവിഡിന്‍റെ വേലിയേറ്റമൊന്ന് കഴിഞ്ഞാൽ ജൂലൈ പകുതിയോടെ ചിത്രീകരണമാരംഭിക്കാം. എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ വിഷുക്കാലം ആശംസിക്കുന്നു."

ഫഹദ് നായകനായ 'ഞാന്‍ പ്രകാശനു'ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. 22 വര്‍ഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ ഈ പ്രോജക്ട് വലിയ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങി കഴിഞ്ഞ ഓണക്കാലത്ത് തിയറ്ററില്‍ എത്തിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആ പ്രോജക്റ്റ് മാറ്റിവെക്കേണ്ടിവന്നു.

Follow Us:
Download App:
  • android
  • ios