ദില്ലി: നടന്‍ സുശാന്ത് സിംഗിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനെതിരായ റിയ ചക്രവർത്തിയുടെ ഹർജി സുപ്രീംകോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകളും സിബിഐ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി വിശദമാക്കി. സുശാന്തിന്‍റെ മരണവുമായി സംബന്ധിച്ച എല്ലാ രേഖകളും തെളിവുകളും സിബിഐക്ക് കൈമാറാൻ മഹാരാഷ്ട്ര സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ സിബിഐയ്ക്ക് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ജൂൺ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ സ്വജനപക്ഷപാത ആരോപണങ്ങളിൽ പ്രമുഖ താരങ്ങൾക്കെതിരെ സൈബറാക്രമണം നടന്നിരുന്നു. സുശാന്തിന്‍റെ കാമുകി റിയാ ചക്രബർത്തിക്കെതിരെ സുശാന്തിന്‍റെ കുടുംബം രംഗത്ത് വന്നിരുന്നു. സാമ്പത്തിക നേട്ടത്തിനായി സുശാന്തിനെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. സുശാന്തിന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ ബിഹാർ പൊലീസ് കേസെടുത്തു. 

എന്നാല്‍ അന്വേഷണത്തിന്‍റെ പേരിൽ ബിഹാർ മഹാരാഷ്ട്ര സർക്കാരുകൾ തമ്മിൽ തർക്കം രൂക്ഷമായി. അന്വേഷണത്തിനായി മുംബൈയിലെത്തിയ ബീഹാര്‍ എസ്പിയെ മുംബൈ കോർപ്പറേഷൻ ക്വറന്‍റീൻ ചെയ്തിരുന്നു. ഇതിനിടയില്‍ കേസ് അന്വേഷണത്തിനെതിരെ റിയാ ചക്രബർത്തി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് പിന്നാലെ ഇഡി കള്ളപ്പണം വെളുപ്പിച്ചതിന് റിയയ്ക്കെതിരെ  കേസെടുത്തു. പിന്നാലെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിഹാർ സർക്കാർ ശുപാര്‍ശ ചെയ്തു. ഇതോടെയാണ് സുശാന്തിന്‍റെ മരണത്തില്‍ റിയയെയും കുടുംബത്തെയും പ്രതികളാക്കി സിബിഐ കേസ് എടുത്തത്.