Asianet News MalayalamAsianet News Malayalam

'ബ്ലാക്ക് വിഡോ' ഡിസ്‍നി പ്ലസില്‍ റിലീസ് ചെയ്‍തതിനെച്ചൊല്ലിയുള്ള കേസ്; തര്‍ക്കം പരിഹരിച്ച് ഡിസ്‍നി

ചിത്രം ഹൈബ്രിഡ് റിലീസ് ആക്കിയത് താനുമായി ഡിസ്‍നി ഉണ്ടാക്കിയ കരാറിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൊഹാന്‍സണ്‍ കോടതിയെ സമീപിച്ചത്

scarlett johansson and disney settle lawsuit over black widow
Author
Thiruvananthapuram, First Published Oct 1, 2021, 3:50 PM IST

കൊവിഡ് (Covid 19) കാലത്ത് തിയറ്ററുകളിലെത്തിയ മാര്‍വെല്‍ സൂപ്പര്‍ഹീറോ ചിത്രമായിരുന്നു സ്‍കാര്‍ലെറ്റ് ജൊഹാന്‍സണ്‍ (Scarlett Johansson) നായികയായ 'ബ്ലാക്ക് വിഡോ' (Black Widow). മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ (Marvel Cinemativ Universe/ MCU) 24-ാം ചിത്രമെന്ന നിലയിലുള്ള പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രവുമായിരുന്നു ഇത്. ഈ വര്‍ഷം ജൂണ്‍ 29ന് ആഗോള പ്രീമിയറും ജൂലൈ 9ന് യുഎസ് റിലീസും നടന്ന ചിത്രം ഒരു ഹൈബ്രിഡ് റിലീസുമായിരുന്നു (തിയറ്ററിലും ഒടിടിയിലും ഒരുമിച്ച് റിലീസ് ചെയ്യുന്ന രീതി). ഡിസ്‍നി പ്ലസ് (Disney Plus) എന്ന പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് തിയറ്റര്‍ റിലീസിനൊപ്പം ചിത്രം സ്ട്രീം ചെയ്യപ്പെട്ടത്. അതിന്‍റെ പേരില്‍ നായികാതാരവും നിര്‍മ്മാണക്കമ്പനിയുമായുണ്ടായ തര്‍ക്കം നിയമ വ്യവഹാരങ്ങളിലേക്ക് നീങ്ങിയിരുന്നു. ഇപ്പോഴിതാ, അതിന് പരിഹാരം കണ്ടിരിക്കുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രം ഹൈബ്രിഡ് റിലീസ് ആക്കിയത് താനുമായി ഡിസ്‍നി ഉണ്ടാക്കിയ കരാറിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജൊഹാന്‍സണ്‍ കോടതിയെ സമീപിച്ചത്. ഡിസ്‍നിയുമായുള്ള കരാര്‍ പ്രകാരം എക്സ്ക്ലൂസീവ് തിയറ്റര്‍ റിലീസ് ആണ് ചിത്രമെന്നും ഒടിടിയിലും റിലീസ് ചെയ്യപ്പെട്ടത് തന്‍റെ വരുമാനത്തെ ദോഷകരമായി ബാധിച്ചുവെന്നും ലോസ് ഏഞ്ചലസ് സുപ്പീരിയര്‍ കോടതിയില്‍ ജൂലൈയില്‍ ഫയല്‍ ചെയ്‍ത പരാതിയില്‍ ജൊഹാന്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കൊവിഡ് സൃഷ്‍ടിച്ച പ്രതിസന്ധിയെ പരിഗണിക്കാതെയാണ് സ്‍കാര്‍ലെറ്റിന്‍റെ പ്രതികരണമെന്നായിരുന്നു വാള്‍ട്ട് ഡിസ്‍നി കമ്പനിയുടെ പ്രതികരണം. ബ്ലാക്ക് വിഡോയില്‍ നിന്ന് ജൊഹാന്‍സണിന് ഇതിനകം 20 മില്യണ്‍ ഡോളര്‍ (148 കോടി രൂപ) ലഭിച്ചിട്ടുണ്ടെന്നും ഡിസ്‍നി വെളിപ്പെടുത്തിയിരുന്നു.

scarlett johansson and disney settle lawsuit over black widow

 

തിയറ്റര്‍ റിലീസിനൊപ്പം തങ്ങളുടെതന്നെ ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്‍തത് ചിത്രത്തിന്‍റെ വരുമാനത്തിലും വര്‍ധന ഉണ്ടാക്കിയെന്നാണ് ഡിസ്‍നിയുടെ പക്ഷം. ഡിസ്‍നി പ്ലസിലെ സ്ട്രീമിംഗ് വഴി ചിത്രം 125 മില്യണ്‍ ഡോളര്‍ (927 കോടി രൂപ) നേടിയെന്നാണ് കമ്പനി പറയുന്നത്. ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷനും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. തിയറ്റര്‍ റിലീസിലൂടെ 367 കോടി മില്യണ്‍ ഡോളര്‍ (2720 കോടി രൂപ) ചിത്രം നേടിയെന്നാണ് ഡിസ്‍നി പുറത്തുവിട്ട കണക്ക്.

അതേസമയം തര്‍ക്ക പരിഹാരത്തില്‍ എത്താന്‍ കഴിഞ്ഞതിലുള്ള സന്തോഷം സ്‍കാര്‍ലെറ്റ് ജൊഹാന്‍സണും ഡിസ്‍നിയും പ്രകടിപ്പിച്ചു. ഡിസ്‍നിയുമായി ഇത്രനാള്‍ ഉണ്ടായിരുന്ന സര്‍ഗാത്മക സഹകരണത്തില്‍ ഏറെ അഭിമാനമുണ്ടെന്നും ആ കൂട്ടുകെട്ട് വരുംവര്‍ഷങ്ങളിലും തിടരുന്നതിനുവേണ്ടിയാണ് തന്‍റെ കാത്തിരിപ്പെന്നുമാണ് ജൊഹാന്‍സണിന്‍റെ പ്രതികരണം. നിരവധി പ്രോജക്റ്റുകളാണ് ജൊഹാന്‍സണുമൊത്ത് ഡിസ്‍നി സ്റ്റുഡിയോസ് ഭാവിയില്‍ ചെയ്യുകയെന്ന് കമ്പനി ചെയര്‍ അലര്‍ ബെര്‍ഗ്‍മാന്‍ പ്രസ്‍താവനയില്‍ അറിയിച്ചു. അക്കൂട്ടത്തിലെ ആദ്യചിത്രമായ 'ടവര്‍ ഓഫ് ടെററി'നെക്കുറിച്ചും പ്രസ്‍താവനയില്‍ പരാമര്‍ശമുണ്ട്. 

Follow Us:
Download App:
  • android
  • ios