നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി മാറ്റി. 

ലയാള സിനിമയ്ക്ക് ഡെന്നിസ് ജോസഫ്(Dennis Joseph) ആരാണെന്ന് ചോദിച്ചാല്‍ ഹിറ്റുകളുടെ മാത്രം രചയിതാവ് എന്ന് പറയേണ്ടി വരും. അത്രക്ക് വിലപിടിപ്പുള്ള തിരക്കഥാകൃത്തായിരുന്നു അദ്ദേഹം. മമ്മൂട്ടിക്ക് വേണ്ടി ഇത്രയധികം ഹിറ്റ് സിനിമകൾ എഴുതിയ മറ്റൊരു തിരക്കഥാകൃത്തുണ്ടാകില്ല. രാജാവിന്‍റെ മകനും ഭൂമിയിലെ രാജാക്കൻമാരും എഴുതുമ്പോൾ മോഹൻലാല്‍ സൂപ്പർ താരമായിരുന്നില്ല. മലയാള സിനിമയിലെ താരസങ്കല്‍പ്പങ്ങൾ മാറ്റി മറിച്ച നിറക്കൂട്ട് ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരന്‍റെ രണ്ടാമത്തെ മാത്രം സിനിമയായിരുന്നു. പിന്നീട് അദ്ദേഹം എഴുതിയതൊക്കെയും സൂപ്പർ ഹിറ്റ്.

'കട്ട് കട്ട്' എന്ന സിനിമാ മാസികയിൽ പത്രപ്രവർത്തകനായിട്ടായിരുന്നു ഡെന്നിസ് ജോസഫിന്റെ തുടക്കം. പിന്നീട് കുറച്ചുകാലം ഒരു പ്രസ് നടത്തിയിരുന്നു.1985 ൽ ജേസിയുടെ 'ഈറൻ സന്ധ്യ' എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിക്കൊണ്ടാണ് സിനിമാ പ്രവേശം. പിന്നീടു വന്ന നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകൻ തുടങ്ങിയ ചിത്രങ്ങൾ ഡെന്നിസിനെ അക്കാലത്തെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താക്കി മാറ്റി. 

ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകരൊത്ത് നിരവധി സിനിമകളിൽ പങ്കാളിയായി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർതാരങ്ങളാക്കിയ ഒരുപിടി സൂപ്പർ ഹിറ്റ് സിനിമകൾ അദ്ദേഹം എഴുതി. 'നിറക്കൂട്ടിലെ' രവിവർമയും 'ന്യൂഡൽഹി'യിലെ കൃഷ്ണമൂർത്തി എന്ന ജികെയും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി. അതുപോലെ മോഹൻലാലിനെ താര പദവിയിൽ ഉറപ്പിച്ച 'രാജാവിന്റെ മകനിലെ' വിൻസെന്റ് ഗോമസ് ഡെന്നിസ് ജോസഫിന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്.

തിയേറ്ററുകളില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു പിടി സിനിമകൾ ഡെന്നീസ് ജോസഫിന്റെ സംഭാവനയായിരുന്നു.
കോട്ടയം കുഞ്ഞച്ചൻ, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പൻ ഹിറ്റുകൾ ഡെന്നിസിന്റെ തൂലികയിൽ നിന്ന് പിറന്നു. അഞ്ചു സിനിമകൾ സംവിധാനം ചെയ്ത ഡെന്നിസിന്റെ 'മനു അങ്കിൾ' എന്ന ചിത്രം മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിരുന്നു. 

ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളായിരിക്കും ഡെന്നിസ് ജോസഫിനെ ഓര്‍ക്കുമ്പോള്‍ പ്രേക്ഷക മനസിലേക്ക് എത്തുക. രാജാവിന്റെ മകനും, ന്യൂഡെല്‍ഹിയുമൊക്കെയാണ് അതിന് കാരണം. അതേസമയം അസാമാന്യ ഹ്യൂമര്‍ രംഗങ്ങളും ഡെന്നിസ് ജോസഫ് വെള്ളിത്തിരയിലേക്ക് പകര്‍ത്തിയെന്നതും വാസ്‍തവമെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പം തീര്‍ത്ത ആകാശദൂതിനും തിരക്കഥ എഴുതി വൈവിധ്യം കാട്ടി ഡെന്നീസ് ജോസഫ്. കണ്ണുനീരോടല്ലാതെ അക്കാലത്ത് ആകാശദൂത് തിയറ്ററില്‍ നിന്ന് കണ്ടിറങ്ങിയവര്‍ ചുരുക്കമായിരിക്കും. അതേ ഡെന്നിസ് ജോസഫ് തന്നെയാണ് വെള്ളിത്തിരയെ ആവേശം കൊള്ളിച്ച കഥാസന്ദര്‍ഭങ്ങളും എഴുതിയത്.

കഴിഞ്ഞ വർഷം മെയ് 10ന് ഹൃദയാഘാതത്തെ തുടർന്നാണ് ഡെന്നീസ് ജോസഫിനെ മലയാള സിനിമയ്ക്ക് നഷ്ടമായത്. പ്രിയ കഥാകൃത്ത് വിടവാങ്ങിയിട്ട് ഒരാണ്ട് ആവുമ്പോഴും, അദ്ദേഹം ബാക്കിയാക്കിയ വിടവ് ഇന്നും മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ്. 

YouTube video player