എന്തെങ്കിലും ഉണ്ടെന്ന് വിചാരിച്ച് അതിന്റെ പിറകെ അലഞ്ഞവനല്ല താൻ എന്നായിരുന്നു ജോണ്‍ പോള്‍ പറയാറുള്ളത് (John Paul Script Writer).

മലയാള തിരക്കഥാകൃത്തുക്കളില്‍ ഇതിഹാസമായിരുന്ന ജോണ്‍ പോള്‍ യാത്രയായിരിക്കുന്നു. മലയാളികളുള്ളിടത്തോളം ഓര്‍മിക്കുന്ന സിനിമകളുടെ തിരക്കഥാകൃത്തെന്ന പെരുമ സ്വന്തമാക്കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍. സമാന്തര - വാണിജ്യ സിനിമകളില്‍ ഒരുപോലെ വിജയം സ്വന്തമാക്കിയിരുന്നു ജോണ്‍ പോള്‍. ബാങ്ക് ജോലി ഉപേക്ഷിച്ച് എത്തിയ ജോണ്‍ പോള്‍ നൂറോളം തിരക്കഥകളാണ് മലയാളികള്‍ക്കായി സമ്മാനിച്ചത് (John Paul Script Writer).

പുതുശ്ശേരിയിലായിരുന്നു ജോണ്‍ പോളിന്റെ ജനനം. അധ്യാപകനായിരുന്ന ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസും മുളയരിക്കൽ റബേക്കയുമാണ് മാതാപിതാക്കള്‍. 1950 ഒക്ടോബര്‍ 19നാണ് ജനനം. പി വി പൗലോസും റബേക്ക ദമ്പതിമാരുടെ നാലാമത്തെ മകനായിരുന്നു ജോണ്‍ പോള്‍. 

Read More : തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു\

എറണാകുളം സെന്‍റ് ആൽബർട്‍സ് സ്‍കൂൾ, സെന്‍റ് അഗസ്റ്റിൻ സ്‍കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്‍മെന്‍റ് സ്‍കൂൾ എന്നിവിടങ്ങളിലായി സ്‍കൂൾ വിദ്യാഭ്യാസം, പൂര്‍ത്തിയാക്കി. കോളേജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസില്‍. പ്രീഡിഗ്രിയും ബിരുദവും തുടർന്ന് സാമ്പത്തികശാസ്‍തത്തിൽ ബിരുദാനന്തര ബിരുദവും ഇവിടെ പൂര്‍ത്തിയാക്കി. കോളേജ് അധ്യാപകനായി ജോലി ലഭിച്ചെങ്കിലും ആത്മവിശ്വാസമില്ലാതത്തിനാല്‍ വേണ്ടെന്നുവെച്ചു. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥാനായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. ഐഷ എലിസബത്താണ് മാര്യ, മകള്‍ ജിഷ ജിബി.

സിനിമയില്‍ തിരക്കേറിയപ്പോഴാണ് ജോണ്‍ പോള്‍ ബാങ്ക് ജോലി രാജിവെച്ചത്. എന്തെങ്കിലും ഉണ്ടെന്ന് വിചാരിച്ച് അതിന്റെ പിറകെ അലഞ്ഞവനല്ല താൻ എന്നായിരുന്നു ജോണ്‍ പോള്‍ അഭിമുഖങ്ങളില്‍ പറഞ്ഞത്. സിനിമയെ ഇഷ്‍ടമായിരുന്നു. സിനിമയുടെ ഭാഗമാകാൻ ഇന്നോളം ശ്രമിച്ചിട്ടില്ല ഞാൻ. സിനിമ എന്നെ തേടി വന്നുവെന്നത് ഒരു പെരുമ പറയുന്നതല്ല. സിനിമയിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് ഞാൻ അവരോടൊപ്പം ഉണ്ടാകണം എന്ന് തോന്നി. സിനിമയിലുള്ള ഒരു വാര്‍പ്പ് സംവിധാനത്തോടും എനിക്ക് കമിറ്റ്‍മെന്റ് ഇല്ലായിരുന്നു. എനിക്കൊരു 'വര്‍ജിൻ ഫിലിമിക് മൈൻഡ്' ഉണ്ടായിരുന്നു. അത് പ്രയോജനപ്പെടുത്താൻ അവര്‍ക്ക് തോന്നിയ സ്വാര്‍ഥ താല്‍പര്യം ആയിരിക്കണം എന്നെ ചേര്‍ത്തണച്ചതിന് പിന്നില്‍ ഉണ്ടായത്. അതിന്റെ ഗുണഭോക്താവായത് താനായി എന്ന് മാത്രമെന്നും ജോണ്‍ പോള്‍ പറഞ്ഞിരുന്നു.

'കാതോടു കാതോരം', 'കാറ്റത്തെ കിളിക്കൂട്', 'യാത്ര', മാളൂട്ടി, 'അതിരാത്രം', 'ഓർമയ്ക്കായ്', 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ', 'ആലോലം', ഇണ, 'അവിടത്തെപ്പോലെ ഇവിടെയും', 'ഈ തണലിൽ ഇത്തിരിനേരം', 'ഈറൻ സന്ധ്യ', 'ഉണ്ണികളെ ഒരു കഥ പറയാം', 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'ഉത്സവപ്പിറ്റേന്ന്', 'പുറപ്പാട്', 'കേളി', 'ചമയം', 'ഒരു യാത്രാമൊഴി' തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിന്റെ തൂലികയിൽ വിരിഞ്ഞവയാണ്. 

ഇത്രയോക്കെ പ്ര​ഗത്ഭമായ സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചുവെങ്കിലും എന്നും സാധാരണക്കാരനെ പോലെ നടക്കാനായിരുന്നു ജോൺ പോളിന് ആ​ഗ്രഹം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ മരണം വരെയും വാടക വീട്ടിൽ കഴിഞ്ഞതും. 

സിനിമ സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത്രയും സിനിമകള്‍ ചെയ്‍തിട്ടും ഈ വയസ്സിലും ഒരു വാടകവീട്ടില്‍ കഴിയുന്നു എന്ന് പറയുന്നതില്‍ ഒരു കുറ്റബോധമോ ലജ്ജയോ തനിക്കില്ലെന്നും ജോൺ പോൾ അന്ന് പറഞ്ഞിരുന്നു. 

കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോളിന്‍റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമായി എത്തി. ജോൺ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോൺ പോളിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ നടപടി പുരോ​ഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു.