മലയാളത്തിന്റെ ആദ്യത്തെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായിരുന്നു ജയൻ. മലയാള സിനിമയുടെ പൌരുഷത്തിന്റെ പ്രതീകം വിടപറഞ്ഞിട്ട് 39 വര്‍ഷം കഴിയുന്നു. ഇന്നും ജയന്റെ ഡയലോഗുകള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ജയന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് തിരക്കഥാകൃത്ത് ബോബി.

ബോബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സമയം എത്ര പെട്ടന്നാണ് മുന്നോട്ടുപോകുന്നത്. 39 വർഷങ്ങൾക്കു മുമ്പ് കേരളത്തിലെ തിരക്കേറിയ സ്റ്റാർ തന്റെ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ മദ്രാസിലേക്ക് പോകുന്നു. ഹെലികോപ്റ്ററിലുള്ള ആക്‌ഷനായിരുന്നു ചിത്രീകരിക്കേണ്ടത്. അപകടമേറിയ രംഗമായിട്ടും ഡ്യൂപ്പില്ലാതെ സ്വയം ചെയ്യാൻ അദ്ദേഹം തീരുമാനിക്കുന്നു.

അടുത്ത ദിവസം വൈകിട്ട് കേരളം പുറത്തറിയുന്നത് ഞെട്ടിക്കുന്നൊരു വാർത്തയായിരുന്നു. ആ അപകടം പിടിച്ച രംഗം ചിത്രീകരിക്കുന്നതിനിടെ അദ്ദേഹം മരണപ്പെട്ടു. കരിയറിന്റെ കൊടുമുടിയില്‍ കത്തി നിൽക്കുന്ന സമയം, സ്വപ്‍നം കാണാൻ സാധിക്കാത്ത പ്രശസ്‍തി, വലിയ ആരാധകവൃന്ദം. അദ്ദേഹത്തിന്റെ ഓർമകൾ തന്നെ സിനിമയെ സ്നേഹിക്കുന്നവർക്കൊരു കുളിര്‍മയാണ്. സൂപ്പർസ്റ്റാർ എന്ന വിശേഷണം ഉണ്ടാകുന്നതിനും മുമ്പേ താരമായ നടൻ.