നടി ശരണ്യ ശശിയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടി സീമ ജി നായർ
ക്യാൻസറിനോട് പടപൊരുതി പലതവണ ജീവിതത്തിലേക്ക് വന്ന് ഏവര്‍ക്കും പ്രചോദനമായതിന് ശേഷം, അകാലത്തിൽ വിടപറഞ്ഞ താരമാണ് നടി ശരണ്യ ശശി. മുഖത്തെ പുഞ്ചിരി മായാതെയായിരുന്നു ശരണ്യ ശശി ക്യാൻസറിനോട് പോരാടിയത്. ശരണ്യക്ക് എന്നും താങ്ങായിരുന്ന നടിയും സുഹൃത്തുമായ സീമ ജി നായര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ഈ വിടവാങ്ങല്‍. സഹപ്രവർത്തക എന്നതിലുപരി സ്വന്തം കുടുംബാംഗത്തെപ്പോലെയായിരുന്നു സീമ ജി നായർ ശരണ്യയെ കരുതിയിരുന്നത്. ഇപ്പോഴിതാ ശരണ്യയുടെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ.
'"ഇന്നെനിക്ക് ശുഭദിനമല്ല. എന്റെ ശരണ്യ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് സംവത്സരങ്ങൾ. ഓർമകൾക്ക് മരണമില്ല. അപ്പോൾ നിന്റെ ഓർമ്മകൾക്കും മരണമില്ല. നിന്നെ ഓർക്കാത്ത, നിന്റെ പേര് ഉച്ഛരിക്കാതെ ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ കടന്നുപോകുന്നില്ല, എന്നെ എപ്പോഴും അത്ഭുതപെടുത്തുന്ന കാര്യമാണിത്. എന്റെ സുഖത്തിലും ദുഖത്തിലും നീ എന്നെ ഇപ്പോൾ ചേർത്തുപിടിക്കുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തൊക്കെ എഴുതിയാലും പറഞ്ഞാലും നീ കൂടെ ഇല്ലെന്ന ശാശ്വത സത്യം ഉൾകൊള്ളാൻ മനസ്സ് ഇപ്പോഴും മടിക്കുംപോലെ", സീമ ജി നായർ ഫെയ്സ്ബുക്കിൽ കുറിച്ചു.
പലതവണ ശസ്‍ത്രക്രിയയ്‍ക്ക് വിധേയമാകേണ്ടി വന്നിരുന്നു ശരണ്യയ്ക്ക്. ലൊക്കേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നു ശരണ്യ. ആശുപത്രിയില്‍ എത്തിയപ്പോഴാണ് രോഗം ക്യാൻസറാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നങ്ങോട്ട് ശരണ്യയ്ക്ക് ചികിത്സയുടെ കാലമായിരുന്നു. ചികിത്സയ്‍ക്കും മറ്റും എന്നും ശരണ്യക്ക് കൈത്താങ്ങായത് സീമാ ജി നായരുടെ പരിശ്രമങ്ങളായിരുന്നു. സീമയുടെ നേതൃത്വത്തിലുള്ള കൂട്ടായ്‍മ ശരണ്യക്ക് ഒരു വീടും വച്ച് നൽകിയിരുന്നു. സ്‍നേഹ സീമ എന്നായിരുന്നു വീടിന് ശരണ്യ നൽകിയ പേര്.

