തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സീമന്‍ രം​ഗത്തെത്തിയത്.

ആമസോണ്‍ പ്രൈമിന്‍റെ ഇന്ത്യന്‍ സിരീസുകളില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ് ദി ഫാമിലി മാന്‍. സിരീസിന്‍റെ രണ്ടാം സീസണ്‍ ജൂണ്‍ 4ന് പ്രീമിയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സീരീസിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നാം തമിഴര്‍ കച്ചി നേതാവ് സീമന്‍. തമിഴ് ജനതയെയും, ഏലം ലിബറേഷന്‍ മൂവമെന്റിനേയും തെറ്റായി കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സീമന്‍ രം​ഗത്തെത്തിയത്. ഇക്കാര്യം കുറിച്ചുകൊണ്ട് ഇദ്ദേഹം ആമസോണ്‍ പ്രൈമിന് കത്തയച്ചു. 

'ഞങ്ങളുടെ വികാരത്തെ മാനിക്കാതെയാണ് നിങ്ങള്‍ വെബ് സീരീസ് റിലീസ് ചെയ്തത്. ഇനിയും അതിന്റെ പ്രദര്‍ശനം തുടരുകയാണെങ്കില്‍ ലോകമെമ്പാടുമുള്ള തമിഴരില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരും. പ്രൈം വീഡിയോ അടക്കമുള്ള ആമസോണ്‍ സര്‍വീസുകള്‍ വിലക്കാന്‍ ആവശ്യപ്പെട്ട് ഞങ്ങള്‍ ക്യാംപെയിനും ആരംഭിക്കും'- എന്നാണ് ആമസോണ്‍ പ്രൈമിന് എഴുതിയ കത്തില്‍ സീമന്‍ പറയുന്നത്.

ഫെബ്രുവരി 12ന് പ്രീമിയര്‍ ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന സീസണിന്‍റെ റിലീസ് നീട്ടിവച്ചിരുന്നു. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ശ്രീകാന്ത് തിവാരിയെന്ന സീനിയര്‍ അനലിസ്റ്റ് ആണ് 'ഫാമിലി മാനി'ലെ പ്രധാന കഥാപാത്രം. മനോജ് ബാജ്‍പേയ് ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാര്യ സുചിത്ര അയ്യരെ അവതരിപ്പിക്കുന്നത് പ്രിയാമണിയാണ്. സീമ ബിശ്വാസ്, ഷറദ് കേല്‍ക്കര്‍, ദര്‍ഷന്‍ കുമാര്‍, സണ്ണി ഹിന്ദുജ, ഷഹബ് അലി, ശ്രേയ ധന്മന്തരി, മഹെക് താക്കൂര്‍, വേദാന്ത് സിന്‍ഹ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. സാമന്തയുടെ ആദ്യ വെബ് സിരീസ് ആണ് ഇത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona