നാസർ ഹസ്സൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
നവാഗതനായ വി അനിയൻ ഉണ്ണി സംവിധാനം ചെയ്യുന്ന സീതാരാമൻ (Seetharaman) എന്ന ചിത്രത്തിൻറെ പൂജയും ടൈറ്റിൽ ലോഞ്ചും എറണാകുളം ഡോൺ ബോസ്കോ പ്രിവ്യൂ തിയറ്ററിൽ വച്ച് നടന്നു. നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള അനിയൻ ഉണ്ണി ഷോർട്ട് ഫിലിമുകളും ആൽബങ്ങളും സംവിധാനം ചെയ്‍തിട്ടുമുണ്ട്. രജീഷ് ചന്ദ്രൻറെ കഥയ്ക്ക് എൽദോസ് യോഹന്നാൻ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. കോൺകോർഡ് മൂവീസ് ആണ് നിർമ്മാണം.
നാസർ ഹസ്സൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ധിഖ് ലാൽ സിനിമയായ ഹിറ്റ്ലറിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നാസർ ഹസൻ ഒട്ടേറെ പരസ്യചിത്രങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കൾക്കൊപ്പം പുതുമുഖ നടീനടന്മാരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. മെയ് അവസാനവാരം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.
ചടങ്ങിൽ നിർമ്മാതാവ് ഫൈസൽ അച്ചാപ്പു, നടനും സംവിധായകനുമായ അനൂപ് പന്തളം ഗുലുമാൽ ഫെയിം, ജിന്റോ കലാഭവൻ,
നസീർ മിന്നലെ, ഫാക്ട് ഹുസൈൻ കോയ, അൻസാരി സെൻഷായി, കരാട്ടെ ഫെഡറേഷൻ ഓഫ് ഇന്ത്യ ചീഫ് ഇൻസ്‌ട്രക്ടർ ഗോപാൽ ഡിയോ പെരുമ്പാവൂർ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം എം ഹാരിസ് വെണ്ണല, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അപ്പച്ചൻ ചമ്പക്കുളം, സന്ധ്യ തൊടുപുഴ തുടങ്ങിയവർ പങ്കെടുത്തു. പിആർഒ എ എസ് ദിനേശ്.
പ്രണവിന്‍റെ 'ഹൃദയം' ബോളിവുഡിലേക്ക്; ഒപ്പം തമിഴിലും തെലുങ്കിലും റീമേക്ക്
പ്രണവ് മോഹൻലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം (Hridayam). ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്‍റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങുകയാണ്.
സിനിമയുടെ റീമേക്ക് അവകാശങ്ങൾ കരൺ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ചേർന്ന് സ്വന്തമാക്കി. ധർമ്മ പ്രൊഡക്ഷൻസിന്‍റെയും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസിന്‍റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ നിർമ്മാതാവ് വിശാഖ് സുബ്രമണ്യത്തിന് നന്ദിയും അറിയിച്ചിട്ടുണ്ട്. മോഹൻലാലും പ്രണവും ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഹൃദയം സ്ട്രീമിംഗ് ആരംഭിച്ചത്. പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിക്കു ശേഷം ഡിസ്‍നി പ്ലസില്‍ എത്തുന്ന മലയാള ചിത്രമാണിത്. പാട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടാണ് ഹൃദയം റിലീസ് ചെയ്തത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു.
