കറുപ്പ് സാരി ധരിച്ച് എടുത്ത ഫോട്ടോ ആകര്‍ഷകമെന്നാണ് ആരാധകര്‍ പറയുന്നത്.

മലയാള സീരിയൽ രംഗത്തെ ശ്രദ്ധേയ താരമാണ് സ്‌റ്റെഫി ലിയോൺ. മികച്ച അഭിനയ ശൈലിയാണ് സ്റ്റെഫിയെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റിയത്. അതുകൊണ്ട് തന്നെ മികച്ച വേഷങ്ങൾ താരത്തെ തേടിയെത്താറുമുണ്ട്. ഏഴ് സീരിയലുകളിലാണ് സ്റ്റെഫി ഇതുവരെ നായിക വേഷത്തിലെത്തിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം ലൊക്കേഷൻ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. തന്റെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളുമായാണ് സ്റ്റെഫി ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

കറുപ്പ് ഫ്ലോറൽ സാരിയിലാണ് സ്റ്റെഫി ഒരുങ്ങിയിരിക്കുന്നത്. വളരെ നാച്ചുറൽ ലുക്ക് തോന്നിക്കുന്ന വേഷവും മേക്കപ്പുമെല്ലാമാണ് താരം ഉപയോഗിച്ചിരിക്കുന്നത്. എറ്റവും ലളിതമായ ആഭരണങ്ങൾ മാത്രം ഉൾപ്പെടുത്തിയ ചിത്രങ്ങൾ ബീച്ച് സൈഡിൽ വെച്ചാണ് പകർത്തിയിരിക്കുന്നത്. കടൽകാറ്റിനൊപ്പം നീങ്ങുന്ന താരത്തിന്റെ മുടിയും ചിത്രങ്ങൾക്ക് അഴക് കൂട്ടുന്നുണ്ട്. വ്യത്യസ്‍ത പോസുകളിൽ എടുത്തിരിക്കുന്ന ചിത്രത്തിന്റെ ക്യാമറമാൻ സ്റ്റെഫിയുടെ ഭർത്താവ് ലിയോൺ കെ തോമസ് ആണ്. ബീച്ച് വൈബ്സ്, നേച്ചർ ഫോട്ടോഗ്രഫി എന്നീ ടാഗുകൾ നൽകിയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

View post on Instagram

മികച്ചൊരു നർത്തകി കൂടിയാണ് താരം. അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. കേരളനടനത്തിനു ദേശീയ തലത്തിൽ പുരസ്‍കാരം ലഭിച്ചു. അതിനുശേഷമാണ് അഭിനയരംഗത്തേക്കു തിരിയുന്നത്. ഇപ്പോൾ നൃത്തവും അഭിനയത്തോടൊപ്പം തന്നെ കൊണ്ടുപോകുന്നുണ്ട് സ്റ്റെഫി.

'അഗ്നിപുത്രി'യാണ് ആദ്യ സീരിയൽ, ഇരട്ട വേഷത്തിലായിരുന്നു. 'മാനസവീണ', 'ഇഷ്‍ടം', 'സാഗരം സാക്ഷി', 'വിവാഹിത', 'ക്ഷണപ്രഭാചഞ്ചലം, 'ഭാവന' എന്നിവയാണ് മറ്റ് സീരിയലുകൾ. ഇതിൽ 'സാഗരം സാക്ഷി'യില്‍ ഇരട്ട വേഷമായിരുന്നു താരത്തിന്. തനി നാടൻ പെൺകുട്ടിയും നർത്തകിയുമായ 'രഞ്ജിനി'യും മോഡേണും പ്രതിനായികയുമായ 'ഭദ്ര'യും വളരെ ആസ്വദിച്ചു ചെയ്‍തു, തനിക്കു വളരെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് ഇതെന്ന് സ്റ്റെഫി നേരത്തെ പറഞ്ഞിട്ടുണ്ട്.

Read More: ജി വേണുഗോപാലിന്റെ ആലാപനം, അര്‍ജുൻ അശോകന്റെ 'പ്രണയ വിലാസ'ത്തിലെ ഗാനം പുറത്ത്