'ഇത് അംഗീകരിക്കാനാവില്ല'; ഒടുവില്‍ മന്‍സൂര്‍ അലി ഖാനെ തള്ളി ലിയോ നിര്‍മ്മാതാക്കളും
തൃഷയ്‍ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കിയിരുന്നു

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ നിലപാടെടുത്ത് ലിയോ സിനിമയുടെ നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും. വിജയ് നായകനായ ലിയോയില്‍ മന്‍സൂറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ നായിക തൃഷയുമൊത്ത് അഭിനയിക്കാന്‍ പോവുകയാണെന്ന് മനസിലാക്കിയപ്പോള്‍ ഒരു കിടപ്പറ രംഗം ഉണ്ടാവുമെന്നാണ് ഞാന്‍ കരുതിയിരുന്നതെന്നായിരുന്നു നടന്‍റെ വിവാദപരാമര്‍ശം. തൃഷയും ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷും പ്രതികരിച്ചതിന് പിന്നാലെ തമിഴ് സിനിമയില്‍ നിന്ന് നിരവധി പേരും ചിരഞ്ജീവിയുടേതുള്‍പ്പെടെ ഇതരഭാഷാ സിനിമാ മേഖലകളില്‍ നിന്നും ഇതിനെതിരെ പ്രതികരണങ്ങള്‍ എത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ലിയോ നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. "നടന്‍ മന്‍സൂര്‍ അലി ഖാന്‍റെ ബഹുമാനമില്ലാത്ത സംസാരം ഞങ്ങളില്‍ നടുക്കം ഉളവാക്കി. ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ബഹുമാനത്തെക്കുറിച്ചും തുല്യതയെക്കുറിച്ചുമുള്ള ഞങ്ങളുടെ പ്രഖ്യാപിത മൂല്യങ്ങള്‍ക്ക് തികച്ചും വിരുദ്ധവുമാണ് അത്. ഞങ്ങള്‍ ഏകകണ്ഠമായി ഇതിനെ അപലപിക്കുന്നു", സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയുടെ കുറിപ്പ് ഇപ്രകാരമാണ്.
അതേസമയം ചെന്നൈയില്‍ ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍ വ്യക്തമാക്കിയിരുന്നു. തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട തമിഴ് താര സംഘടനയെയും നടന്‍ വിമര്‍ശിച്ചു. മാപ്പു പറയാൻ തന്നോട് ആവശ്യപ്പെട്ടത് വിശദീകരണം ചോദിക്കാതെയാണെന്നും മന്‍സൂര്‍ ആരോപിച്ചു. നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും മന്‍സൂര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നും നടന്‍ പറഞ്ഞു. "മാപ്പ് പറയേണ്ടുന്ന ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. നടികര്‍ സംഘത്തിന്‍റെ നീക്കങ്ങള്‍ ഹിമാലയന്‍ മണ്ടത്തരമാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ എനിക്കൊപ്പമാണ്. സിനിമയിലെ ബലാത്സംഗം യഥാർത്ഥമാണോ? സിനിമയില്‍ കൊലകള്‍ കാണിക്കുന്നു. ആരെങ്കിലും മരിക്കുന്നുണ്ടോ?", മന്‍സൂറിന്‍റെ വാക്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക