യുവനടിയുടെ പരാതി; നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമ കേസ്
2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് യുവനടിയുടെ പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുക്കും.
അതേസമയം, മറ്റൊരു യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ പൊലീസ് കേസെടുത്തു. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്. കേസില്‍ ആറാം പ്രതിയാണ് നിവിൻ പോളി. എന്നാൽ, ആരോപണം നിവിൻ പോളി നിഷേധിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.