ചിത്രം നവംബർ 22ന് വീണ്ടും തിയറ്ററുകളിൽ എത്തും.

ബോളിവുഡിന്റെ മുൻനിര താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും ആദ്യമായി ഒന്നിച്ച 'കരൺ അർജുൻ' റി റിലീസിന് ഇനി മൂന്ന് നാൾ. ചിത്രം നവംബർ 22ന് വീണ്ടും തിയറ്ററുകളിൽ എത്തും. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കരൺ അർജുൻ 1995 ജനുവരിയിലാണ് എത്തിയത്. 30 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും എത്തുമ്പോൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. 

ഒരു കൊമേഷ്യല്‍ എന്‍റര്‍ടെയ്മെന്‍റായിരുന്ന കരണ്‍ അര്‍ജുന്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നീ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ചെത്തിയ ചിത്രം ആ വര്‍ഷത്തെ ബോളിവുഡിലെ വലിയൊരു ഹിറ്റായിരുന്നു. സൂപ്പർതാരങ്ങളായ സൽമാനും ഷാരൂഖും മുഴുനീള വേഷങ്ങളിൽ അഭിനയിക്കുന്ന ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നാണിത്.

സൂര്യസ്തമയത്തിൽ പ്രണയാർദ്രരായ് സജിനും ഷഫ്നയും; ചിത്രങ്ങൾ

രാഖി ഗുൽസാർ, കാജോൾ, മംമ്ത കുൽക്കർണി, അംരീഷ് പുരി എന്നിവരടങ്ങുന്ന ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാരകമായ കുടുംബ കലഹത്താൽ വേർപിരിഞ്ഞ രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നുത്. അവരുടെ ആത്മാക്കൾ അവരുടെ അടുത്ത ജന്മത്തില്‍ വീണ്ടും ഒന്നിക്കുകയും കുടുംബത്തിന് വേണ്ടി പോരിന് ഇറങ്ങുകയും ചെയ്യുന്നുവെന്നതാണ് ഇതിവൃത്തം. 

രാകേഷ് റോഷന്‍റെ ഫിലംക്രാഫ്റ്റ് നിര്‍മ്മിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് അദ്ദേഹത്തിന്‍റെ സഹോദരന്‍ രാജേഷ് റോഷനാണ്. ചിത്രത്തിലെ ഏ ബന്ധന്‍ പോലുള്ള ഗാനങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു. 'മേര കരണ്‍ അര്‍ജുന്‍ ആയേഗ' എന്ന ചിത്രത്തിലെ ഡയലോഗ് ഇന്നും മീമുകളിലും മറ്റും നിറയുന്ന ഡയലോഗാണ്. രാഖി ഗുൽസാർ ചിത്രത്തില്‍ ചെയ്ത ദുര്‍ഗ എന്ന അമ്മ വേഷവും, അംരീഷ് പുരി ചെയ്ത താക്കൂര്‍ ദുര്‍ജന്‍ സിംഗ് എന്ന വില്ലന്‍ വേഷവും ഏറെ ശ്രദ്ധേയമായ വേഷങ്ങളാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം