സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍ ആണ് ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിച്ച സമയത്തെ തന്‍റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്

ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സിനിമാ അഭിനേതാവ് ആകണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. അതൊരു ആഗ്രഹം മാത്രമാക്കാതെ പരിശ്രമിക്കുന്ന ബഹുഭൂരിപക്ഷത്തില്‍ നിന്ന് വളരെ ചെറിയ ഒരു ശതമാനം മാത്രമാവും സിനിമയിലേക്ക് എത്തുന്നത്. അവിടെ വിജയം കണ്ടെത്താനാവുന്നത് അതിലും വളരെ ചെറിയ ഒരു ശതമാനത്തിനും. സിനിമയില്‍ അജയ്യരായ താരങ്ങളെയൊക്കെയെടുത്താല്‍ അവരെ ഇത്രകാലവും പ്രേക്ഷകപ്രീതിയില്‍ നിലനിര്‍ത്തിയതില്‍ അവരുടെ കഠിന പരിശ്രമത്തിനും ആത്മാര്‍പ്പണത്തിനുമൊക്കെ വലിയ പങ്കുണ്ടെന്ന് കാണാം. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ അര്‍പ്പണത്തെക്കുറിച്ച് ബോളിവുഡിലെ പ്രമുഖ സംവിധായിക പറഞ്ഞ കാര്യങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍ ആണ് ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിച്ച സമയത്തെ തന്‍റെ അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫറാ ഖാന്‍ സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും കിംഗ് ഖാന്‍ ആയിരുന്നു നായകന്‍. ഇതില്‍ താന്‍ സംവിധാനം ചെയ്ത രണ്ടാം ചിത്രമായ ഓം ശാന്തി ഓശാനയുടെ ചിത്രീകരണ സമയത്തെ അനുഭവമാണ് ഫറാ ഖാന്‍ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗിനിടെ രണ്ട് ദിവസം ഷാരൂഖ് ഖാന്‍ വെള്ളം കുടിക്കാതെ ഇരുന്നെന്ന് അവര്‍ പറയുന്നു.

"എന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന മേ ഹൂം നായില്‍ ഷാരൂഖിന്‍റെ ഒരു ടോപ്പ്ലെസ് ഷോട്ട് വേണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ അദ്ദേഹം നടുവേദനയാല്‍ കഷ്ടപ്പെടുന്ന സമയമായിരുന്നു. അതിനാല്‍ത്തന്നെ ഫിസിക്കല്‍ മേക്കോവറിനൊന്നും പറ്റുന്ന സമയം ആയിരുന്നില്ല. പക്ഷേ അദ്ദേഹം എനിക്കൊരു വാക്ക് തന്നിരുന്നു. എപ്പോഴെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ ഷര്‍ട്ട് ഊരുന്നുണ്ടെങ്കില്‍ അത് ഒരു ഫറാ ഖാന്‍ ചിത്രത്തില്‍ ആയിരിക്കുമെന്ന്. രണ്ടാം ചിത്രമായിരുന്ന ഓം ശാന്തി ഓമില്‍ അദ്ദേഹം അത് സാധിച്ചുതന്നു. ആ ഷോട്ടിനുവേണ്ടി രണ്ട് ദിവസം അദ്ദേഹം വെള്ളം കുടിച്ചില്ല. ബ്ലോട്ടിംഗ് (വയര്‍ വീര്‍ക്കുന്ന അവസ്ഥ) ഒഴിവാക്കാനായിരുന്നു അത്". ചിത്രത്തിലെ ദര്‍ദെ ഡിസ്കോ എന്ന ഗാന നൃത്തരംഗത്തില്‍ പേശിവലിവ് കാരണം ഷാരൂഖിന് മര്യാദയ്ക്ക് പെര്‍ഫോം ചെയ്യാന്‍ സാധിച്ചില്ലെന്നും ഫറാ ഖാന്‍ പറയുന്നു.

മൂന്ന് പതിറ്റാണ്ടിനിപ്പുറവും ഒരു നൃത്തരംഗം ചെയ്യുന്നതിന് മുന്‍പ് ഷാരൂഖ് റിഹേഴ്സല്‍ ആവശ്യപ്പെടാറുള്ളത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ഫറ പറയുന്നു. കിംഗ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രം ജവാനിലെ ഒരു ഗാനത്തിന് കൊറിയോഗ്രഫി നിര്‍വ്വഹിച്ചത് ഫറാ ഖാന്‍ ആയിരുന്നു. "ജവാനിലെ നൃത്തരംഗത്തിന് റിഹേഴ്സല്‍ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്നമെന്നാണ് ഞാന്‍ ചോദിച്ചത്. റിഹേഴ്സല്‍ ചെയ്യുന്നപക്ഷം അത് കൂടുതല്‍ നന്നാവുമെന്നാണ് തന്‍റെ വിചാരമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി", ഫറാ ഖാന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു.

ALSO READ : വമ്പന്‍ സര്‍പ്രൈസ്! ബാലയ്യയുടെ പുതിയ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ആ യുവ സൂപ്പര്‍താരം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക