സിദ്ധാര്‍ഥ് ആനന്ദ് ആണ് കിംഗിന്‍റെ സംവിധായകന്‍
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരം ഷാരൂഖ് ഖാന് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്നും ചികിത്സാര്‍ഥം അമേരിക്കയിലേക്ക് പോയതായും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നാണ് പുതിയ വിവരം.
ഷാരൂഖ് ഖാന്‍ നായകനാവുന്ന പുതിയ ചിത്രം കിംഗിന്‍റെ ചിത്രീകരണത്തിനിടെ ഒരു ആക്ഷന്‍ രംഗത്തിന്‍റെ ചിത്രീകരണത്തിന് ഇടയിലാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്നായിരുന്നു വാര്‍ത്തകള്‍. താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇത് വാസ്തവവിരുദ്ധമാണ്. ഇടയ്ക്ക് ചെയ്യാറുള്ള സാധാരണ ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ യുഎസ് യാത്രയെന്നും അല്ലാ ‘കിംഗ് സെറ്റില്‍ ഉണ്ടായ പരിക്ക്’ ചികിത്സിക്കാനല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം അവസാനം തന്നെ അദ്ദേഹം യുഎസില്‍ നിന്ന് തിരിച്ചെത്തുമെന്നും ചിത്രീകരണം പുനരാരംഭിക്കുമെന്നുമാണ് വിവരം.
പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്‍. പഠാന്‍ പോലെതന്നെ ആക്ഷന് പ്രാധാന്യമുള്ള ചിത്രം ഷാരൂഖ് ഖാന് വ്യക്തിപരമായ തരത്തിലും പ്രത്യേകതയുള്ളതാണ്. മകള്‍ സുഹാന ഖാന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം എന്നതാണ് അത്. ഷാരൂഖ് ഖാനും മകളും ഒരുമിച്ചെത്തുന്നു എന്നത് ചിത്രത്തിന്‍റെ യുഎസ്‍പി കൂടിയാണ്. 2026 ഒക്ടോബറിലോ ഡിസംബറിലോ തിയറ്ററുകളില്‍ എത്തുമെന്ന് കരുതപ്പെടുന്ന ചിത്രമാണ് ഇത്. പുറത്തെത്തിയ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വന്‍ താരനിരയും ചിത്രത്തില്‍ ഉണ്ടാവും. ദീപിക പദുകോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, റാണി മുഖര്‍ജി, ജാക്കി ഷ്രോഫ്, അര്‍ഷാദ് വര്‍സി, അഭയ് വര്‍മ്മ തുടങ്ങിയവരുടെയൊക്കെ പേരുകള്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ട്. ഇതില്‍ ആരൊക്കെ ചിത്രത്തില്‍ ഉണ്ടാവും എന്നറിയാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കണം.
ഷാരൂഖ് ഖാനും ഒപ്പം ബോളിവുഡ് വ്യവസായവും ശക്തമായി തിരിച്ചുവന്ന വര്‍ഷമായിരുന്നു 2023. പഠാന്‍ കൂടാതെ ജവാന്‍, ഡങ്കി എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി തിയറ്ററുകളിലെത്തി. ഇതില്‍ പഠാനും ജവാനും വന്‍ കളക്ഷനാണ് നേടിയത്.

