ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ 'സിതാരെ സമീൻ പർ' പ്രീമിയറിൽ ഒന്നിച്ചെത്തി. ആമിർ ഖാന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയറിന് പിന്തുണയുമായി സുഹൃത്തുക്കളായ ഷാരൂഖും സൽമാനും എത്തി.
മുംബൈ: ബോളിവുഡിന്റെ മൂന്ന് സൂപ്പർതാരങ്ങൾ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ ഒരേ വേദിയിൽ ഒന്നിച്ചെത്തി. ആമിർ ഖാന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം 'സിതാരെ സമീൻ പർ'ന്റെ ഗംഭീരമായ പ്രീമിയർ ജൂൺ 19-ന് മുംബൈയിൽ നടന്നപ്പോഴാണ് ബോളിവുഡിലെ മൂന്ന് ഖാന്മാരും ഒന്നിച്ചത്. ഈ ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിന് സുഹൃത്തിനെ പിന്തുണയ്ക്കാൻ ഷാരൂഖും സൽമാനും എത്തിയത് ആരാധകർക്ക് അപൂർവ ദൃശ്യവിരുന്നായി.
'സിതാരെ സമീൻ പർ' 2007-ലെ ഹിറ്റ് ചിത്രമായ 'താരെ സമീൻ പർ'ന്റെ ആത്മീയ തുടർച്ചയാണ്. ആമിർ ഖാൻ ഒരു ബാസ്കറ്റ്ബോൾ പരിശീലകന്റെ വേഷത്തിൽ എത്തുന്ന ഈ ചിത്രം. ന്യൂറോഡൈവർജന്റ് അവസ്ഥയിലുള്ള ഒരു കൂട്ടം യുവക്കള്‍ ഉള്‍പ്പെടുന്ന ഒരു ടീമിനെ പരിശീലിപ്പിക്കുന്നതിന്റെ കഥ പറയുന്നു.
ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജനലിയ ഡിസൂസ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, 10 നവാഗത നടന്മാരും അണിനിരക്കുന്നു. അരൗഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായ്, വേദാന്ത് ശർമ, ആയുഷ് ഭൻസാലി, ആശിഷ് പെൻഡ്സേ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മംഗേഷ്കർ - എന്നിവർ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
പ്രീമിയർ ചടങ്ങിൽ ഷാരൂഖ് ഖാന്റെ വരവ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. കറുപ്പ് ജാക്കറ്റും കാർഗോ ജീൻസും ധരിച്ച്, തന്റെ സ്വതസിദ്ധമായ ആകർഷണീയതയോടെ എത്തിയ ഷാരൂഖ്. ചിത്രത്തിലെ നവാഗത നടന്മാരുമായി ഊഷ്മളമായി സംവദിക്കുകയും ഫോട്ടോകൾക്ക് പോസ് ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ സെറ്റിൽ നേരത്തെ ഷാരൂഖ് സന്ദർശനം നടത്തിയിരുന്നു. ആമിർ ഖാൻ തന്നെ 10 തവണയെങ്കിലും സെറ്റിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് ഷാരൂഖ് പറഞ്ഞിരുന്നു.
"ആമിർ എപ്പോഴും പറയുമായിരുന്നു, 'നടന്മാരെ വന്ന് കാണണം, അവർ അതിശയകരമായി അഭിനയിക്കുന്നുവെന്ന്'" എന്ന് ഷാരൂഖ് ഒരു വീഡിയോയിൽ പങ്കുവെച്ചു. സൽമാൻ ഖാൻ തന്റെ സ്വന്തം ശൈലിയിൽ ചടങ്ങിന് തിളക്കം പകർന്നു. 'അന്ദാസ് അപ്നാ അപ്നാ'വിൽ ഒന്നിച്ച് അഭിനയിച്ച ആമിറിനൊപ്പം രസകരമായ നിമിഷങ്ങളാണ് സൽമാൻ പങ്കിട്ടത്.
'സിതാരെ സമീൻ പർ'ന്റെ തിരക്കഥ ആദ്യം തനിക്കാണ് വന്നതെന്നും, താൻ അത് വളരെ ഇഷ്ടപ്പെട്ട് സമ്മതിച്ചെങ്കിലും പിന്നീട് ആമിർ തന്നെ ചിത്രം ഏറ്റെടുത്തുവെന്നും തമാശയായി സല്‍മാന്‍ പറഞ്ഞു. "ഞാൻ പറഞ്ഞു, 'ഈ ചിത്രം ഞാൻ ചെയ്യും.' പക്ഷേ, ആമിർ വിളിച്ച് പറഞ്ഞു, 'ഞാൻ തന്നെ ഇത് ചെയ്യാൻ പോകുന്നുവെന്ന്" സല്‍മാന്‍ തമാശയായി പറഞ്ഞു.
ചടങ്ങിൽ ആമിർ ഖാൻ തന്റെ പങ്കാളി ഗൗരി സ്പ്രാറ്റിനൊപ്പം കൈകോർത്താണ് എത്തിയത് ആമിറിന്റെ മകൻ അസാദ് റാവു ഖാനും അവർക്കൊപ്പം ഉണ്ടായിരുന്നു. ഐവറി ഷെർവാണിയിൽ ആമിർ തിളങ്ങിയപ്പോൾ, ഗൗരിയും അസാദും ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്തു.
ഷാരൂഖിനും സൽമാനും പുറമേ രേഖ, വിക്കി കൗശൽ, ജാവേദ് അക്തർ, ഷബാന ആസ്മി, രാജ്കുമാർ ഹിരാനി, തമന്ന ഭാട്ടിയ, ടൈഗർ ഷ്റോഫ്, ജനലിയ ഡിസൂസ, റിതേഷ് ദേശ്മുഖ്, ഇമ്രാൻ ഖാൻ, ഇറ ഖാൻ, നുപുർ ശിഖരെ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
