ഷാരൂഖ് ഖാന്റെ ഡങ്കി മലയാള ചിത്രത്തിന്റെ റീമേക്കോ?.
ഷാരൂഖ് ഖാൻ നായകനായ ജവാൻ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ്. ആഗോളതല ബോക്സ് ഓഫീസില്‍ 1000 കോടിയിലധികം നേടിയിരുന്നു ജവാൻ. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയും പ്രഭാസ് നായകനാകുന്ന സലാറും ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം സിഐഎയുടെ റീമേക്കാണ് ഡങ്കി എന്ന് ഒരുകൂട്ടര്‍ പ്രചരിപ്പിക്കുമ്പോള്‍ അത് തെറ്റായ വാര്‍ത്തയാണ് എന്ന് മറു വിഭാഗവും സമര്‍ഥിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.
കൊമ്രേഡ് ഇൻ അമേരിക്ക എന്ന ചിത്രത്തിന്റെ ചുരുക്കപ്പേരായിരുന്നു സിഐഎ. ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്‍ത സിഐഎ 2017ലാണ് പ്രദര്‍ശനത്തിന് എത്തിയത്. സ്‍നേഹം, ഐഡന്റിന്റി രാഷ്‍ട്രീയം തുടങ്ങിയവയാണ് ചിത്രത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്‍തത്. കാമുകിയെ കാണാൻ കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് പോകുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിത കഥയായിരുന്നു സിഐഐ പറഞ്ഞത്. അഭയാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധികളും ബന്ധങ്ങളിലെ തര്‍ക്കങ്ങളുമെല്ലാം സിഐഎ ചര്‍ച്ച ചെയ്യുന്നു.
ഷാരൂഖ് ഖാന്റെ ഡങ്കിയുടെ പ്രഖ്യാപന ടീസര്‍ വ്യക്തമാക്കിയത് സിഐഎയിലേതിന് സമാനമായി ഒരു ട്രാവലോഗ് ചിത്രമാണെന്നും അതിര്‍ത്തികള്‍ക്കപ്പുറവുമുള്ള സ്‍നേഹ ബന്ധം പരാമര്‍ശിക്കുന്നതുമാണ് എന്നായിരുന്നു. അതിനാല്‍തന്നെ ഡങ്കി ദുല്‍ഖര്‍ നായകനായ ചിത്രത്തിന്റെ റീമേക്കാണെന്ന് പ്രചരിക്കപ്പെട്ടു. എന്നാല്‍ പ്രഭാസ്- ഷാരൂഖ് ആരാധകരുടെ തര്‍ക്കമാണ് ഇത്തരം ഒരു പ്രചരണത്തിലേക്ക് നയിച്ചത് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തര്‍ക്കം വ്യാപിക്കുന്നത് തടയാൻ ആരാധകര്‍ രംഗത്ത് എത്തുകയും ചെയ്‍തിട്ടുണ്ട്.
പൊസിറ്റീവിറ്റി പ്രചരിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാതെയുള്ള മോശം പ്രവണതകള്‍ പാടില്ലെന്നും ആരാധകരില്‍ ചിലര്‍ അഭ്യര്‍ഥിക്കുന്നു. ഡങ്കി ഒരിക്കലും ഒരു റീമേക്കല്ല. സിഐഎ ഒരു ആക്ഷൻ ത്രില്ലറായിരുന്നു. ഷാരൂഖിന്റെ ഡങ്കി ഒരു കോമഡി ചിത്രമാണ് എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
Read More: തമിഴ്‍നാട്ടിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ വിജയ് ചിത്രം, ലിയോയിലെ പ്രതീക്ഷകള്‍
